തെരെഞ്ഞെടുപ്പിനൊരുങ്ങി കേരളം: സംസ്ഥാനത്ത് ആകെ 25,358 ബൂത്തുകൾ
തിരുവനന്തപുരം: ലോക്‌സഭ തെരെഞ്ഞെടുപ്പിന് കേരളത്തില്‍ ആകെ 25,358 ബൂത്തുകൾ സജ്ജമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും.
സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകൾ, യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകൾ, ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകൾ, 2,776 മാതൃക ബൂത്തുകൾ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ കഴിയും.
അതേസമയം, മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാര്‍. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്.
3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.