അത്യാധുനിക വെറ്റിനറി ലബോറട്ടറി നിർമിക്കാൻ റിയാദ്
റിയാദ് : റിയാദിൽ മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അത്യാധുനിക വെറ്റിനറി ലബോറട്ടറി നിർമിക്കാൻ റിയാദ്. 175 മില്യൻ റിയാൽ (ഏകദേശം 46.6 മില്യൻ ഡോളർ) ചെലവിൽ പദ്ധതി നടപ്പിലാക്കും.ഈ ലബോറട്ടറി മൃഗങ്ങളുടെ രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്രമായി പ്രവർത്തിക്കും. പ്രത്യേക പരിശോധനകളിലൂടെ രോഗകാരണങ്ങൾ കണ്ടെത്താനും രോഗവ്യാപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടാകും. ഡിഎൻഎ സീക്വൻസിങ് ഉപയോഗിച്ച് രോഗങ്ങൾ കൃത്യമായി നിർണ്ണയിക്കാനും കഴിയും. ഇതിനായി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫദ്ലി ഒപ്പിട്ടു.ഒരു പ്രത്യേക ദേശീയ കമ്പനിക്കാണ് കരാർ നൽകിയത്. സൗദിയിൽ കാണപ്പെടുന്ന രോഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന മൈക്രോബുകളെ ഉപയോഗിച്ച് ശാസ്ത്രജ്ഞർ പ്രത്യേക വാക്സീനുകൾ വികസിപ്പിക്കും.
ഇതോടൊപ്പം വാക്സീൻ ഉത്പാദനം വർധിപ്പിക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളും നടക്കും. ഇതെല്ലാം സൗദിയുടെ മൃഗസംരക്ഷണ മേഖലയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കും വലിയ നേട്ടമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മൃഗങ്ങളുടെ രോഗങ്ങളുടെ വ്യാപനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക ലബോറട്ടറി പരിശോധനകൾ നടത്തുന്നതിനും ഡിഎൻഎ സീക്വൻസിങിലൂടെ രോഗകാരണങ്ങൾ കണ്ടെത്തുന്നതിനുമുള്ള ഒരു കേന്ദ്രമായി ഇത് പ്രവർത്തിക്കും. ജന്തുജന്യ രോഗങ്ങളെയും ക്രോസ് സ്പീഷീസ് രോഗാണുക്കളെയും ചെറുക്കുന്നതിലൂടെ മൃഗ സമ്പത്ത് മേഖല വികസിപ്പിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി പദ്ധതി യോജിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ലബോറട്ടറിയിൽ അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകൾ ജീവനക്കാരും ഉണ്ടായിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.