ആവശ്യങ്ങള്‍ നിര്‍മല സീതാരാമനെ നേരിട്ടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

ന്യുഡൽഹി :മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും, എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ നേരിട്ടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി കേരളാ ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനുമാണ് നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ആശാവര്‍ക്കേഴ്‌സിന്റെ സമരം ചര്‍ച്ചയായില്ല. കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമാണെന്നും ആശാ വര്‍ക്കേഴ്‌സിന്റെ സമരം കൂടിക്കാഴ്ചയില്‍ ഉന്നയിക്കാമായിരുന്നെന്നും കെ സി വേണുഗോപാല്‍ എം പി പ്രതികരിച്ചു.രാവിലെ 9 മണിയോടെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, കേരള ഹൗസില്‍ എത്തിത്. പ്രഭാത ഭക്ഷണത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ച നടന്നത്. 45 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ അരമണിക്കൂറോളം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും പങ്കെടുത്തു. പ്രൊഫ. കെ.വി തോമസും, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും ചര്‍ച്ചയുടെ ഭാഗമായി.
വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നല്‍കുന്നത്, വിഴിഞ്ഞം തുറമുഖം, വായ്പ പരിധി, എയിംസ് തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. എന്നാല്‍ ആശ വര്‍ക്കേഴ്‌സ് വിഷയം ചര്‍ച്ചയായില്ല. മുഖ്യമന്ത്രിയോ, കേന്ദ്ര ധനമന്ത്രിയോ വിഷയം ഉന്നയിച്ചില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം
ആശാ വര്‍ക്കേഴ്‌സിന്റെ സമരം ഉന്നയിക്കേണ്ടതായിരുന്നുവെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. മുഖ്യമന്ത്രിക്കിപ്പോള്‍ ആകെ ശ്രദ്ധയുള്ളത് വന്‍ നിക്ഷേപങ്ങളിലും വന്‍ മുതലാളിത്ത സംരംഭങ്ങളിലുമാണ്. കടല്‍ മണല്‍ ഖനനത്തിന്റെ കാര്യത്തില്‍ മോദി ചെയ്യുന്നത് പോലെ തന്നെയാണിത്. പാവപ്പെട്ട ആശവര്‍ക്കര്‍മാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ കൂടി ഉന്നയിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരുപാട് ഡ്യൂ ഉണ്ട് – അദ്ദേഹം വ്യക്തമാക്കി.