സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളിൽ താപനില ഉയരും
തിരുവനന്തപുരം: ദിനംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കാൻ സാധ്യതയുണ്ട് എന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇന്നുമുതൽ ഞായറാഴ്ച വരെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില വർദ്ധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാറുള്ള പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ആകാമെന്നും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ താപനിലയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ സംസ്ഥാനത്ത് താപനില വർധിക്കാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. മലയോരമേഖലകളിൽ ഒഴികെ ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്‌ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.