സംസ്ഥാന ബജറ്റ് നാളെ : എന്തൊക്കെ പ്രഖ്യാപനങ്ങൾ ആയിരിക്കും !?കാത്തിരിക്കാം

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി സമസ്തമേഖലയിലും നിലനിൽക്കുന്ന, പ്രതീക്ഷിച്ചതൊന്നും കേന്ദ്രബജറ്റിൽ നിന്ന് ലഭിക്കാതിരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കേരളത്തിന്‍റെ വരും വർഷത്തേക്കുള്ള ധനകാര്യ നയം നാളെ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള സമ്പൂര്‍ണ ബജറ്റെന്ന നിലയില്‍ ഏവരും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഇത്തവണത്തെ ബജറ്റിനെ കാണുന്നത്.സംസ്ഥാനത്തിന് അധിക വരുമാനം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് വിനോദസഞ്ചാര മേഖല. കേരള ബജറ്റില്‍ വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഉള്ളത്. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള തുകയും വകയിരുത്തും എന്നാണ് പ്രതീക്ഷ. ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 900 കോടി രൂപ. ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഇത് ഉടന്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്‍റെ വാഗ്ദാനം..ഇതിന് മാത്രം 2700 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തണം..
എന്നാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിൽ വരുത്താൻ സാധിക്കാതെ , പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി കിടക്കുമ്പോഴാണ് പുതിയ ബജറ്റ് വരുന്നത് എന്ന യാഥാർഥ്യം കൂടി ഈ അവസരത്തിൽ സ്മരിക്കേണ്ടിയിരിക്കുന്നു.
വിവിധ മേഖലകളില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് മൂന്ന് ഫണ്ടുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ പ്രോത്സാഹന ഫണ്ട്, ആരോഗ്യ സുരക്ഷ ഫണ്ട്, കായിക വികസന ഫണ്ട് എന്നിങ്ങനെയുള്ളവ രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ പദ്ധതി ഇനിയും തുടങ്ങിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ പണം കണ്ടെത്താനായി പ്രഖ്യാപിച്ച പ്ലാന്‍ ബിയും എങ്ങുമെത്തിയിട്ടില്ല. ഇതുവരെ ഈ പ്ലാന്‍ ബി എന്താണെന്നോ പദ്ധതി നടപ്പാക്കിയോ എന്ന കാര്യവും സര്‍ക്കാര്‍ വിശദമാക്കിയിട്ടില്ല.മനുഷ്യ വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിനായി ബജറ്റില്‍ 48.85 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല .ഗ്രഫീന്‍ അധിഷ്‌ഠിത ഉത്പന്ന വികസനത്തിന് ബജറ്റില്‍ 260 കോടിരൂപ നീക്കി വച്ചിരുന്നു. ഇതിൻ്റെ യാതൊരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്താനായിട്ടില്ല .കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല.ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി പഠനത്തിന് അവസരമൊരുക്കുമെന്നതും പ്രഖ്യാപനത്തില്‍ ഒതുങ്ങി.മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടി പ്രധാനമായും രണ്ട് പദ്ധതികളാണ് കഴിഞ്ഞ തവണത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. വയോജനങ്ങള്‍ക്ക് കെയര്‍ സെന്‍റര്‍, വാര്‍ദ്ധക്യ സൗഹൃദഭവനം എന്നിവയാണ് കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് അപ്പുറം യാതൊന്നും ഇക്കാര്യത്തിലുമുണ്ടായില്ല.
കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ രാജ്യാന്തര വാണിജ്യ സമുച്ചയം എന്ന പ്രഖ്യാപനവും ബാലഗോപാല്‍ നടത്തിയിരുന്നു. ഇക്കാര്യത്തിലും പ്രഖ്യാപനത്തിനപ്പുറം ഒരു പടി പോലും മുന്നോട്ട് പോയിട്ടില്ല. ഇനിയും പട്ടിക നീളുകയാണ്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള യാതൊരു നടപടികളും ഇനിയും കൈക്കൊണ്ടിട്ടില്ല. പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് യാതൊരു ഉറപ്പും കിട്ടിയിട്ടില്ലെന്നതാണ് ഇതിന് കാരണമായി സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതേക്കുറിച്ച് പരിശോധിക്കാതെ എന്ത് കൊണ്ട് പ്രഖ്യാപനം നടത്തിയെന്ന ചോദ്യമാണ് സര്‍വീസ് സംഘടനകള്‍ ഉയര്‍ത്തുന്നത്.
എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ അധികാരം നിലനിർത്തുക എന്ന ലക്‌ഷ്യം കൂടി മുന്നിൽകണ്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളുമായിരിക്കാം നാളെ നടക്കുന്ന ബജറ്റിൽ ഉണ്ടാവുക എന്ന് ഇന്ന് നമുക്കുറപ്പിക്കാം