സംസ്ഥാനത്ത് അതിശക്തമായ മഴ; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ അതിരപ്പിള്ളി, വാഴച്ചാൽ ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. തൃശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മറ്റ് ജലശായങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനവും ചെവ്വ, ബുധൻ ദിവസങ്ങളിൽ നിരോധിച്ചിരിക്കുകയാണ്.
വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. പത്തനംതിട്ടയിൽ അതിഥിത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മല്ലപ്പള്ളി മണിമലയാറ്റിൽ വെണ്ണിക്കുളം കോമളം കടവിൽ ബിഹാർ സ്വദേശികളായ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇവരിൽ രണ്ടുപേർ രക്ഷപ്പെട്ടു. കാണാതായാൾക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്