“നിലപാടിൽ ഉറച്ചുനിൽക്കുന്നു : പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു ” : അടൂർ ഗോപാലകൃഷ്‌ണൻ

0
adoor gopal

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സിനിമ കോൺക്ലേവിൻ്റെ സമാപന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തൻ്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും, ദളിത്, സ്ത്രീ വിഭാഗങ്ങൾക്ക് ചലച്ചിത്ര പരിശീലനം നൽകണമെന്ന പരാമർശമാണ് വിമർശനങ്ങൾക്കു വഴിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കലാകാരനെന്ന നിലയിൽ തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അടൂർ പറഞ്ഞു.സിനിമയെക്കുറിച്ച് യാതൊരു മുൻപരിചയവുമില്ലാത്തവർക്ക് കുറഞ്ഞത് മൂന്നുമാസത്തെ പരിശീലനം നൽകണമെന്നാണ് താൻ അഭിപ്രായപ്പെട്ടതെന്ന് അടൂർ വിശദീകരിച്ചു. ഒരു മനുഷ്യായുസ്സ് മുഴുവൻ സിനിമയ്ക്കായി മാറ്റിവെച്ച താൻ ഇപ്പോഴും സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സൗന്ദര്യശാസ്ത്രവും സാങ്കേതികതയും ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നതിനാൽ മികച്ച ധാരണയോടെ വേണം സിനിമ ചെയ്യാൻ.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി സിനിമകൾ നിർമിക്കാൻ സർക്കാർ ധനസഹായം നൽകാറുണ്ട്. എന്നാൽ, മുൻപരിചയമില്ലാത്ത വ്യക്തികൾക്ക് പണം നൽകുമ്പോൾ അതിൻ്റെ ഗുണനിലവാരം ഉറപ്പാക്കണം. എഴുതാനും വായിക്കാനും പഠിക്കുന്നതുപോലെ സിനിമയുടെ ഭാഷയും പഠിക്കേണ്ടതുണ്ടെന്നും അടൂർ കൂട്ടിച്ചേർത്തു.

“പറഞ്ഞത് ,സിനിമകളിൽ സംഭവിച്ച സാങ്കേതികപരമായ പ്രശ്നങ്ങൾ മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ”:

സർക്കാർ പണം നൽകുന്ന സിനിമകൾ സാങ്കേതികപരമായും കഥാപരമായും മികച്ചതായിരിക്കണം. സാമൂഹിക പ്രസക്തിയുള്ള സൃഷ്ടിയുണ്ടാകണമെങ്കിൽ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം. പിന്നോക്ക വിഭാഗങ്ങളെ മോശമായി കാണാനല്ല, മറിച്ച് അവർക്ക് സിനിമയിലേക്ക് കടന്നുവരാനും മികച്ച സംഭാവനകൾ നൽകാനും വേണ്ടിയാണ് താൻ പരിശീലനത്തെക്കുറിച്ച് സംസാരിച്ചത്.

സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശീലനം ആവശ്യമാണ്. പിന്നാക്ക, ട്രൈബൽ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. ഈ പരിശീലന പരിപാടിയിൽ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിൽ നിന്ന് അവസരം ലഭിച്ച് സിനിമയെടുത്ത പലരുമായും താൻ സംസാരിച്ചിട്ടുണ്ട്. അവരുടെ സിനിമകളിൽ സംഭവിച്ച സാങ്കേതികപരമായ പ്രശ്നങ്ങൾ മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് താൻ ഈ നിർദേശം മുന്നോട്ടുവച്ചതെന്നും അടൂർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *