മൂല്യനിര്‍ണയം പൂര്‍ത്തിയായി: എസ്എസ്എല്‍സി ഫലം മെയ് ആദ്യം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതിയത്.
70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് തന്നെയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടലുകളും.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കും. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തത്. ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
ടിഎച്ച്എസ്എൽസിയ്‌ക്കായി രണ്ട് ക്യാമ്പുകളാണുള്ളത്. 110 അധ്യാപകർ ക്യാമ്പിലുണ്ട്. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയം ഒരു ക്യാമ്പിൽ ആണ് നടക്കുന്നത്.