ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി വോട്ട് രേഖപ്പെടുത്താന്‍ എത്തി

0

വയനാട്: മുണ്ടകൈ ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി വോട്ട് രേഖപ്പെടുത്തി. അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്തിയത്. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും വോട്ട് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ശ്രുതി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്.സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിനോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശ്രുതി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒരുപാട് പേര്‍ ഒപ്പം നിന്നിട്ടുണ്ട്. അവസ്ഥ മനസ്സിലാക്കി എല്ലാവരെയും പ്രതിനിധീകരിക്കാന്‍ ഒരാള്‍ വേണം എന്നതിനാലാണ് വോട്ട് ചെയ്യാന്‍ വന്നത്. എല്ലാവരെയും കാണാമല്ലോ എന്നും വിചാരിച്ചു, എല്ലാവരെയും കണ്ടതില്‍ സന്തോഷമെന്നും ശ്രുതി പറഞ്ഞു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്.ആറ് മാസം വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് മാത്രമേ നടക്കാന്‍ സാധിക്കൂ എന്നും ശ്രുതി പറഞ്ഞു. പണ്ട് ലഭിച്ചിരുന്ന ഒരു ഫീലീങ്സ് തിരികെ നാട്ടിലേക്ക് വരുമ്പോള്‍ കിട്ടുന്നില്ല. എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.

ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ ഒന്‍പതോളം പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ശ്രുതി ഉരുള്‍പൊട്ടല്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഡിസംബറില്‍ ആണ്ടൂര്‍ സ്വദേശിയായ ജെന്‍സനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു കുടുംബത്തെ ഒന്നടങ്കം മലവെള്ളം കൊണ്ടുപോയത്.

പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ തകര്‍ന്ന ശ്രുതിക്ക് താങ്ങും തണലുമായത് ജെന്‍സനായിരുന്നു. സെപ്റ്റംബറില്‍ വെള്ളാരംകുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ജെന്‍സന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഈ അപകടത്തില്‍ ശ്രുതിയ്ക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പമാണ് ശ്രുതി നിലവില്‍ താമസിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *