ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിനെ സന്ദർശിച്ചു; ലഹരിക്കേസ് അന്വേഷണം സിനിമാതാരങ്ങളിലേക്ക്
കൊച്ചി∙ ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ.ഓംപ്രകാശിനെ കാണാനെത്തിയവരിൽ സിനിമാതാരങ്ങളും. കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശിനെ കാണാനെത്തിയവരിൽ മലയാളത്തിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമുണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇവർക്കു പുറമേ ഇരുപതോളം പേർ ഓംപ്രകാശിനെയും കൂടെ അറസ്റ്റിലായ കൊല്ലം സ്വദേശി ഷിഹാസിനെയും സന്ദർശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവർക്കും ഇന്നു ജാമ്യം അനുവദിച്ചിട്ടുണ്ട്.
വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ ഏതാനും ദിവസം മുമ്പ് കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡൻസാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ചില ഇടപാടുകൾ നടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഞായറാഴ്ച പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ലീറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നു എന്നു പൊലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ൻ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയിൽനിന്നു കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നതറിയാനുള്ള രക്തപരിശോധനയ്ക്കുള്ള സാംപിളും പൊലീസ് ശേഖരിച്ചിരുന്നു.കോടതിയിൽ ഹാജരാക്കി പ്രതികളെ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി തെളിയിക്കാനുള്ളതെന്നും പ്രഥമദൃഷ്ട്യാ ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചിരുന്നതായും ഹോട്ടലിൽ ഡിജെ പാർട്ടി നടന്നതായും വ്യക്തമാക്കിയിരിക്കുന്നത്.
ബോബി ചലപതി എന്നയാൾ ബുക്ക് ചെയ്തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. 1421, 1423, 1506 എന്നീ മുറികളിൽ ഉണ്ടായിരുന്നവർ ചേർന്നു ശനിയാഴ്ച ഡിജെ പാർട്ടി നടത്തി എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അന്ന് ലഹരി മരുന്നിന്ന് ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ശനിയാഴ്ചയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും ഇവിടെ എത്തിയത് എന്നാണ് വിവരം. മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യം മനസിലായ സാഹചര്യത്തില്‍ ഇരുവരുടെയും മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.