ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു.

0

കൊളംബോ ∙ 2022ലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനും പ്രസിഡന്റിന്റെ പുറത്താകലിനും ശേഷം ശ്രീലങ്ക ആദ്യമായി പോളിങ് ബൂത്തിൽ. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാർഥിയുമായ റനിൽ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ, നാഷനൽ പീപ്പിൾസ് പവർ (എൻപിപി) പാർട്ടിയുടെ അനുര കുമാര ദിസനായകെ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) നമൽ രാജപക്സ എന്നിവരാണ് പ്രമുഖ സ്ഥാനാർഥികൾ. വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. രാത്രി പതിനൊന്നോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. നാളെയാണ് ഫല പ്രഖ്യാപനം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2022ലുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ സ്ഥാനഭ്രഷ്ടനായി രാജ്യംവിട്ടതിനു പിന്നാലെ പാർലമെന്റാണ് കാലാവധി പൂർത്തിയാക്കാനായി വിക്രമസിംഗെയെ പ്രസിഡന്റാക്കിയത്. സാമ്പത്തികമായി പടുകുഴിയിലായിരുന്ന ശ്രീലങ്കയെ രാജ്യാന്തര നാണയനിധിയുടെ വായ്പസഹായത്തോടെ പിടിച്ചുയർത്താനും ശക്തിപ്പെടുത്താനും തനിക്ക് കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് വിക്രമസിംഗെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

എങ്കിലും അഭിപ്രായ വോട്ടെടുപ്പുകളിൽ മൂന്നാംസ്ഥാനം മാത്രമാണ് വിക്രമസിംഗെയ്ക്കുള്ളത്. ദിസനായകെ പ്രസിഡന്റാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. എസ്ജെബിയുടെ സജിത് പ്രേമദാസ രണ്ടാമതെത്തുമെന്നും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു. 2022ൽ അധികാരമേറ്റെടുത്തതിനു പിന്നാലെ ജനകീയ പ്രക്ഷോഭകരെ അടിച്ചമർത്താൻ അധികാരം ഉപയോഗിച്ചെന്നും രാജപക്സെ കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങൾ വിക്രമസിംഗെ നേരിടുന്നുണ്ട്. ജനകീയ പ്രക്ഷോഭങ്ങൾക്കു പിന്നാലെ കുത്തനെ ജനപ്രീതിയാർജിച്ചതാണ് ദിസനായകെയുടെ നാഷനൽ പീപ്പിൾസ് പവർ പാർട്ടി അഥവാ ജനത വിമുക്തി പെരമുനയാണ് പ്രക്ഷോഭങ്ങൾക്കു ചുക്കാൻ പിടിച്ചവരിൽ പ്രമുഖർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *