വിവരാവകാശ പ്രവർത്തകന് നേരെ വീണ്ടും ആക്രമണം

0

 

ശാസ്താംകോട്ട : മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിനാണ് റിട്ടയേർഡ് പൊലീസുകാരനെയും അയാളുടെ അഭിഭാഷകനായ മകനെയും പ്രതി ചേർത്ത് ശാസ്താംകോട്ട പൊലീസ് സബ് ഇൻസ്‌പെക്ടർ കെ. എച്ച്. ഷാനവാസ്‌ അന്വേഷണം ആരംഭിച്ചത്. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. ചവറ തോട്ടിന് വടക്ക് പുലരിയിൽ അബ്ദുൽ റഷീദിനെയും അയാളുടെ അഭിഭാഷകനായ മകൻ അമൽ ഏ ആർ, തെക്കൻ മൈനാഗപ്പള്ളി തോട്ടുമുഖത്ത് അരുൺ നിവാസിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന അരുൺ എന്നിവരെ പ്രതി ചേർത്താണ് കേസ് എടുത്തത്. ചവറ, കരുനാഗപ്പള്ളി കോടതികളിൽ വിചാരണയിലിരിക്കുന്ന നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയാണ് റിട്ടയേർഡ് പൊലീസുകാരൻ അബ്ദുൽ റഷീദ്. 2021 ൽ സമാനമായ കേസിൽ കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽപ്പെട്ട് അബ്ദുൽ റഷീദ് നിരവധി ദിവസം റിമാൻഡിൽ ജയിൽ കിടന്നിട്ട് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ആണ് വീണ്ടും കേസിൽ ഉൾപ്പെട്ടത്.

കൂടാതെ ബന്ധുവായ സി ഐ ഉപയോഗിച്ച് നടന്നിട്ടില്ലാത്ത സംഭവത്തിന് കള്ള കേസ് എടുപ്പിച്ച് ചവറ കോടതിയെ കബളിപ്പിച്ച കേസിൽ അബ്ദുൽ റഷീദിനെ മൂന്നാം പ്രതിയാക്കിയും പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഏ. നിസാമുദീനെ രണ്ടാം പ്രതിയാക്കിയും കോടതി നേരിട്ട് എടുത്ത കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെയാണ് റഷീദ് കേസിൽപ്പെട്ടത്. മൈനാഗപ്പള്ളി തോട്ടുമുഖം സ്വദേശി മണികണ്ഠൻ എന്ന അരുൺ മുൻപ് ചവറ പൊലീസ് രജിസ്റ്റർ ചെയ്ത അടി കേസിലെ പ്രതികൂടിയാണ്. വിവരാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ചവറ മുകുന്ദപുരം പുലച്ചിലഴികത്ത് വീട്ടിൽ നിന്നും മൈനാഗപ്പള്ളിയിൽ താമസിക്കുന്ന വി. ശ്രീകുമാറിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലാണ് പ്രതികൾ മൂന്ന് പേരും കുടുങ്ങിയത്. അബ്ദുൽ റഷീദിന്റെയും മണികണ്ഠന്റെയും ആക്രമണത്തിൽ പരിക്ക് പറ്റി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സമയത്താണ് മൂന്നാം പ്രതി അഡ്വക്കേറ്റ് അമൽ ഏ ആർ വിവരാവകാശ പ്രവർത്തകൻ വി.ശ്രീകുമാറിനെ തലക്ക് അടിച്ചത്.

റിട്ടയേർഡ് പൊലീസുകാരനും മകനും കൂടി ചേർന്ന് ചവറയിൽ വയൽ നികത്തി കെട്ടിടം നിർമ്മിച്ചതിനെതിരെ ശ്രീകുമാർ കേരള സർക്കാരിന് നൽകിയ പരാതിയെ തുടർന്ന് കെട്ടിടം പൊളിച്ച് നീക്കാൻ കോടതി വിധി വന്ന സമയത്ത് റഷീദും അഞ്ച് പേരും ചേർന്ന് ശ്രീകുമാറിനെയും പ്രായം ചെന്ന മാതാവിനെയും ഉപദ്രവിച്ച് പരിക്കേല്പിച്ചിരുന്നു. അതിന് ശേഷം ആണ് പ്രതി റഷീദും മണികണ്ഠനും കൂടി കഴിഞ്ഞ വെള്ളിയാഴ്ച മൈനാഗപ്പള്ളി മണ്ണൂർക്കാവിന് സമീപത്തുള്ള ശ്രീകുമാർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലും ഉപയോഗത്തിലും ഉളള KL/23/L/5432 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ വന്നായിരുന്നു ആക്രമണം. അമിത മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ രണ്ട് പേർ ആ സമയത്ത് അവിടെ കൂടിയ പ്രദേശ വാസികളായ ചിലരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തടർന്ന് ശാസ്താംകോട്ട പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ മണികണ്ഠൻ ഓടി രക്ഷപെടുകയും അബ്ദുൽ റഷീദിനെ പൊലീസ് പിടികൂടുകയുമാണ് ചെയ്തത്.

രണ്ടാം പ്രതി മണികണ്ഠൻ മൈനാഗപ്പള്ളിയിലെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ആശാൻ ആയിട്ട് ജോലി ചെയ്യുകയാണ്. കൃത്യ സ്ഥലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തിൽ പ്രതികൾ ശ്രീകുമാറിനെ ക്രൂരമായി മർദിച്ചതായി ബോധ്യപ്പെട്ട പൊലീസ് റഷീദിനെയും സംഘത്തെയും പ്രതികളാക്കി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്‌പെക്ടർ കെ എച്ച് ഷാനവാസ്‌, ഗ്രേഡ് എസ്‌ ഐ സലിം എസ്‌ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. 2021 ൽ തന്റെ വീട് കയറി ആക്രമണം നടത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്നിട്ട് കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ കഴിയുന്ന പ്രതിയായ അബ്ദുൽ റഷീദിന്റെ ജാമ്യം റദ്ദു ചെയ്യാൻ വേണ്ടി കോടതിയെയും പൊലീസിനെയും സമീപിക്കുമെന്ന് വി. ശ്രീകുമാർ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *