മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം: പരീക്ഷണം വൻവിജയമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയമെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ തന്നെ ഉപഭോക്താക്കൾക്ക് ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് മുഖേനയോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും