പ്ലേ ഓഫിലേക്ക് അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 38 റണ്‍സിനു വീഴ്ത്തി ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 225 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ എസ്ആര്‍എച്ചിന്റെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് കയറി. സൺറൈസേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.
ടോസ് നേടി എസ്ആര്‍എച്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ മുന്‍നിര ബാറ്റിങ് സ്വന്തം മൈതാനത്ത് തല്ലിത്തകര്‍ക്കാനുള്ള മൂഡിലാണ് ഇറങ്ങിയത്. നിശ്ചിത ഓവറില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് അടിച്ചെടുത്തു.വിജയത്തിലേക്ക് ബാറ്റെടുത്ത സണ്‍റൈസേഴ്‌സിനായി ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ സഖ്യം അതിവേഗ തുടക്കമാണ് നല്‍കിയത്. അഭിഷേകായിരുന്നു കൂടുതല്‍ അപകടകാരി.
സ്‌കോര്‍ 49ല്‍ നില്‍ക്കെ ഹെഡ് മടങ്ങി. താരം 16 പന്തില്‍ 40 റണ്‍സെടുത്തു. ഹെഡ് മടങ്ങിയെങ്കിലും ഒരറ്റത്ത് അഭിഷേക് തകര്‍പ്പന്‍ അടി തുടര്‍ന്നു. മറുഭാഗത്ത് പക്ഷേ വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു.15ാം ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെ അഭിഷേക് ശര്‍മയെ ഇഷാന്ത് ശര്‍മ മടക്കി. താരം 41 പന്തില്‍ 6 സിക്സും 4 ഫോറും സഹിതം 74 റണ്‍സെടുത്തു.
പിന്നീടെത്തിയവരാരും ക്രീസില്‍ നിന്നു പൊരുതാനുള്ള ആര്‍ജവം കാണിച്ചില്ല. ഹെയ്ന്റിച് ക്ലാസന്‍ (23), നിതീഷ് കുമാര്‍ റെഡ്ഡി (പുറത്താകാതെ 21), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ( പുറത്താകാതെ 10 പന്തില്‍ 19) എന്നിവാണ് അല്‍പ്പം ക്രീസില്‍ നിന്ന മറ്റുള്ളവര്‍. പക്ഷേ അന്തിമ വിജയത്തിലേക്ക് അതു പോരായിരുന്നു.
4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ ഗുജറാത്ത് ബൗളര്‍മാരില്‍ മികവ് കാട്ടി. മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ, ജെറാള്‍ഡ് കോറ്റ്‌സി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ജോസ് ബട്ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സായ് സുദര്‍ശന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ നിര്‍ണായക സംഭാവനകളും നല്‍കിയതോടെയാണ് ഗുജറാത്ത് സ്‌കോര്‍ കുതിച്ചു പാഞ്ഞത്. അവസാന ഓവറില്‍ ഗുജറാത്തിനു 3 വിക്കറ്റുകള്‍ നഷ്ടമായി.
38 പന്തില്‍ 10 ഫോറും 2 സിക്സും സഹിതം ഗില്‍ 76 റണ്‍സെടുത്തു. ബട്ലര്‍ 37 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 64 റണ്‍സും കണ്ടെത്തി. സായ് സുദര്‍ശന്‍ 23 പന്തില്‍ 9 ഫോറുകള്‍ സഹിതം 48 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ 16 പന്തില്‍ 21 റണ്‍സും അടിച്ചു. ഹൈദരാബാദിനായി ജയദേവ് ഉനദ്കട് 3 വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറിലാണ് താരം 3 വിക്കറ്റും സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സീഷന്‍ അന്‍സാരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി