ബാഗ് വിവാദത്തിൽ ജയ കിഷോരി; സമ്പാദിക്കരുതെന്നും എല്ലാം ഉപേക്ഷിക്കണമെന്നും ഞാൻ പ്രസംഗിക്കാറില്ല
രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗുമായി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ആത്മീയ പ്രഭാഷകയും ഗായികയുമായ ജയ കിഷോരിയുടെ വീഡിയോ വന്‍ വിവാദമായിരുന്നു. എപ്പോഴും ലാളിത്യത്തെ കുറിച്ച് സംസാരിക്കുന്ന ജയ കിഷോരിയുടെ കാപട്യം ഈ വീഡിയോയില്‍ കാണാമെന്ന് ആളുകള്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജയ കിഷോരി.
താന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണെന്നും കഠിനാധ്വാനം ചെയ്ത് ജീവിതത്തില്‍ വിജയിക്കണമെന്നാണ് താന്‍ യുവാക്കളോട് പറയാറുള്ളതെന്നും ജയ കിഷോരി വ്യക്തമാക്കി. ‘ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. ഒരു സാധാരണ വീട്ടില്‍ എന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. ഞാന്‍ യുവാക്കളോടും ഇതേ കാര്യം തന്നെയാണ് പറയാറുള്ളത്. കഠിനധ്വാനം ചെയ്ത് പണം സമ്പാദിച്ച് കുടുംബത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്നും സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കണമെന്നുമാണ് ഞാന്‍ പ്രസംഗങ്ങളിലെല്ലാം പറയാറുള്ളത്.’-ജയ കിഷോരി പറയുന്നു.
ആ ബാഗ് താന്‍ പറഞ്ഞുകൊടുത്ത ഡിസൈനില്‍ ഉണ്ടാക്കിയതാണെന്നും അത് തുകല്‍ ബാഗല്ലെന്നും ജയ കിഷോരി കൂട്ടിച്ചേര്‍ത്തു. ‘അത് തുകല്‍ ബാഗല്ല. നമ്മുടെ ഇഷ്ടപ്രകാരം ഉണ്ടാക്കുന്ന ബാഗാണ് അത്. അതില്‍ എന്റെ പേരും എഴുതിയിരിക്കുന്നത് അതുകൊണ്ടാണ്. ഞാന്‍ ഒരിക്കലും തുകല്‍ ബാഗ് ഉപയോഗിക്കില്ല. എന്റെ പ്രഭാഷണം കേട്ടവര്‍ക്ക് അറിയാം ഞാന്‍ എന്തിനെ കുറിച്ചാണ് സംസാരിക്കാറുള്ളതെന്ന്. ഈ ലോകത്തിലെ എല്ലാം വെടിയണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പണം സമ്പാദിക്കരുതെന്നും എല്ലാം ഉപേക്ഷിക്കമമെന്നും ഞാന്‍ പ്രസംഗത്തില്‍ പറയാറില്ല.’-ജയ കിഷോരി വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തില്‍ നിന്നെടുത്ത ജയ കിഷോരിയുടെ വീഡിയോ ചര്‍ച്ചയായത്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ യാത്രയ്ക്കായി എത്തിയ ജയ കിഷോരി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ കൈയില്‍ ലഗേജുകളും കാണാം. ഇതില്‍ ഉള്‍പ്പെട്ട ജയ കിഷോരിയുടെ ഹാന്‍ഡ് ബാഗാണ് ചര്‍ച്ചാവിഷയമായത്. ആഡംബര ബ്രാന്‍ഡായ ക്രിസ്റ്റിയന്‍ ഡിയോറിന്റെ ഈ ബാഗിന് ഏകദേശം രണ്ട് ലക്ഷം രൂപ വില വരും. ഗോവധത്തിനെതിരെ പ്രസംഗിക്കുന്ന ജയ കിഷോരി പശുക്കുട്ടിയുടെ തോലുകൊണ്ട് നിര്‍മിച്ച ബാഗാണ് ഉപയോഗിക്കുന്നതെന്നും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.