എഴുപതോളം കവർച്ചക്കേസുകളിലെ പ്രതി ‘സ്പൈഡർ സതീഷ് റെഡ്ഡി’ അറസ്റ്റിൽ

0

പോത്തൻകോട് : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എഴുപതോളം കവർച്ചക്കേസുകളിലെ പ്രതി വിശാഖപട്ടണം സ്വദേശി ‘സ്പൈഡർ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു–36) അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടിൽനിന്ന് 38 പവൻ കവർന്ന കേസിലാണു സതീഷ് കേരള പൊലീസിന്റെ വലയിലായത്. കഴിഞ്ഞ മാസം രണ്ടിനായിരുന്നു മോഷണം.
കവർച്ച നടത്തിയ ദിവസംതന്നെ നാട്ടിലേക്കു മടങ്ങിയ പ്രതിയെ, പ്രദേശത്തെയും സഞ്ചരിച്ച ബസിലെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു പിടികൂടിയത്. ലോക്കൽ പൊലീസും ഷാഡോ ടീമും അടങ്ങുന്ന പ്രത്യേക സംഘം ആന്ധ്രപ്രദേശ് കടപ്പയിലെ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉയരമുള്ള ചുമരുകൾ അള്ളിപ്പിടിച്ചു കയറുന്നതിനാലാണു ‘സ്പൈഡർ സതീഷ് റെഡ്ഡി’ എന്ന് ഇയാൾക്കു പേരുവീണത്.

ചെന്നൈ,കാഞ്ചീപുരം,ബെംഗളൂരു,തിരുപ്പതി,കൊപ്പം,വിശാഖപട്ടണം,വിജയനഗരം,കടപ്പ എന്നിവിടങ്ങളിൽ 17 ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ മുഴുവനും കടപ്പയിലെ സ്വർണക്കടയിൽനിന്നു തിരിച്ചെടുത്തതായി തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായൺ പറഞ്ഞു. കർണാടക,ആന്ധ്ര,തെലുങ്കാന,തമിഴ്നാട് എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കവർച്ചക്കേസുകളുണ്ടെന്നും ആന്ധ്രയിലെ മുൻ മന്ത്രിയുടെ വീട്ടിൽനിന്ന് 7 കിലോഗ്രാം സ്വർണം കവർന്ന കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ കാഞ്ചീപുരത്ത് സ്വർണ വ്യാപാരിയുടെ വീട്ടിൽനിന്ന് ഒന്നര കിലോ സ്വർണം കവർന്ന കേസിൽ പിടിയിലായിരുന്നു. മേയ് അവസാന വാരത്തിലാണു ജയിലിൽനിന്നു ഇറങ്ങിയത്. 4 ദിവസത്തിനു ശേഷമാണ് കേരളത്തിൽ ആദ്യ മോഷണത്തിനെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *