പ്രത്യേകതരം ചെള്ളിലൂടെ പകരും, അഞ്ചാംപനിയോട് സാമ്യമുള്ള ലക്ഷണങ്ങൾ; സൂക്ഷിക്കണം മുറിൻ ടൈഫസിനെ
തിരുവനന്തപുരം∙ ഒന്നിനു പിന്നാലെ ഒന്നായി പകർച്ചവ്യാധികൾ കേരളത്തെ പിടികൂടുകയാണ്. മലയാളി ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകളിൽ പല രോഗങ്ങളും തെക്ക് വടക്ക് വ്യാപിക്കുന്നു. തിരുവനന്തപുരത്ത് സ്ഥിരീകരിച്ച മുറിന്‍ ടൈഫസ് എന്ന രോഗമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണിത്. അപൂര്‍വമായി മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ് ഇപ്പോൾ തിരുവനന്തപുരത്ത് കണ്ടെത്തിയിരിക്കുന്നത്. ഈ രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധർ പറയുന്നു.
രോഗ ലക്ഷണങ്ങൾ
തലവേദന, പനി, പേശി വേദന, സന്ധി വേദന, ഛർദ്ദി എന്നിവയാണ് മുറിന്‍ ടൈഫസിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ അഞ്ചാംപനിയോട് സാമ്യമുള്ളതാകാം.
അറിഞ്ഞിരിക്കേണ്ടത്
റിക്കറ്റിസിയ ടൈഫി എന്ന ബാക്ടീരിയ മൂലമാണ് രോഗമുണ്ടാകുന്നത്. എലികളെ ബാധിക്കുന്ന ചെള്ളുകൾ വഴിയാണ് ഇത് കൂടുതലും പകരുന്നത്. ഈച്ചകൾ വഴിയും പകരും. അമേരിക്കയിലെ തെക്കൻ കലിഫോർണിയ, ടെക്സസ്, ഹവായ് എന്നിവിടങ്ങളിലാണ് മുറിൻ ടൈഫസ് സാധാരണയായി കാണപ്പെടുന്നത്. ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം മാരകമായേക്കാം. എന്നാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഭേദമാക്കാവുന്നതാണ്. രോഗം ബാധിച്ച മിക്ക ആളുകളും പൂർണമായി സുഖം പ്രാപിക്കാറുണ്ട്. പക്ഷേ പ്രായമായവരിലോ ഗുരുതരമായ വൈകല്യമുള്ളവരിലോ വിഷാദരോഗം ബാധിച്ച രോഗികളിലോ മരണം സംഭവിക്കാം. മുറിൻ ടൈഫസ് തടയാൻ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്കുകളിൽ ടെട്രാസൈക്ലിൻ, ക്ലോറാംഫെനിക്കോൾ എന്നിവ ഉൾപ്പെടുന്നു. യുഎസിൽ സിഡിസി ഡോക്സിസൈക്ലിൻ മാത്രമാണ് രോഗ പ്രതിരോധത്തിനായി ശുപാർശ ചെയ്യുന്നത്.