സംസ്കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി , വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ശേഷം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നിലവില്‍ തിരുവനന്തപുരത്ത് മകന് അരുണ്‍കുമാറിന്റെ വസതിയില്‍ സൂക്ഷിച്ചിരിക്കുന്ന വി എസിന്റെ ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഇടമുറിയാതെ ആളുകള്‍ ഒഴുകിയെത്തുകയാണ്.
മുതിർന്ന രാഷ്ട്രീയ നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകളും പ്രധാനമന്ത്രി ഓർത്തു. മുഖ്യമന്ത്രി ആയിരുന്ന കാലത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രവും അനുസ്മരണ കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്.’- പ്രധാനമന്ത്രി കുറിച്ചു.
ആലപ്പുഴയിലേക്കുള്ള വിലപായാത്രയില്‍ വഴിയിലുടനീളം വി എസിന്റെ ഭൗതികദേഹം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ കാത്തുനില്ക്കും. നാളെ വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.