ഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നീ വിഷയങ്ങളിൽ പാർലമെന്‍റിൽ പ്രത്യേക ചർച്ച

ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നീ വിഷയങ്ങളിൽ ഇന്ന് പാർലമെന്‍റിൽ പ്രത്യേക ചർച്ച . ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണം മുതല്‍ ഇന്ത്യയ്‌ക്ക് നേരെയുള്ള ആക്രമണവും രാജ്യത്തിൻ്റെ പ്രതിരോധവും സഭയിൽ ചർച്ച ചെയ്യാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ അവകാശവാദങ്ങളും സഭയിൽ ചര്‍ച്ചയായേക്കും.
വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന തുടർച്ചയായ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് മുന്നിൽ ഒടുവിൽ കേന്ദ്രം വഴങ്ങുകയാണ്. ഇത് രാഹുൽ ഗാന്ധിയുടെ വിജയം എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാരും 25 വിനോദ സഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പാകിസ്ഥാന് നേരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. 9 ഭീകര ക്യാമ്പുകൾ ഇന്ത്യൻ സുരക്ഷാ സേന ലക്ഷ്യമിട്ട് തകർക്കുകയും ചെയ്‌തിരുന്നു.എന്നാൽ ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ അടിയറവ് വയ്‌ക്കുകയും പാകിസ്ഥാൻ അഭ്യർഥന മാനിച്ച് മെയ് 10ന് സൈനിക നടപടി നിർത്തിവച്ചു എന്നുമാണ് കേന്ദ്രവും സൈന്യവും അറിയിച്ചത്. എന്നാൽ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചതായി അവകാശവാദം ഉന്നയിച്ചിരുന്നു.
ഇക്കാര്യത്തിൽ കേന്ദ്രം മൗനം വെടിയണമെന്നാണ് പ്രതിപക്ഷം പ്രധാനമായും സഭയിൽ ഉന്നയിക്കാനൊരുങ്ങുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ചെയ്‌ത് വിഷയം ശക്തമായി ഉന്നയിക്കാനാണ് നീക്കം. പ്രതിപക്ഷത്തിൻ്റെ സമ്മർദ്ദത്തിൽ പ്രത്യേക ചർച്ച നടത്തുന്നത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
അമേരിക്ക വ്യാപാര കരാർ ഭീഷണി മുഴക്കിയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ താൻ മധ്യസ്ഥത വഹിച്ചതെന്ന ട്രംപിൻ്റെ പ്രഖ്യാപനമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതുവരെയുള്ള 25 തവണയാണ് ട്രംപ് ഇക്കാര്യം വിവിധ സമയങ്ങളിലായി വ്യക്തമാക്കിയത്. ഇക്കാര്യത്തിലൊന്നും കേന്ദ്രം മറുപടി പറയാൻ തയാറായിരുന്നില്ല.
ട്രംപിൻ്റെ അവകാശവാദങ്ങളും ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നതും മോദി സർക്കാരിൻ്റെ വിദേശനയത്തിൻ്റെ പരാജയമാണെന്ന് കോൺഗ്രസ് വാദിച്ചു. പഹൽഗാം ഭീകരാക്രമണവും അനന്തരഫലങ്ങളും ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഇന്ത്യ ബ്ലോക്ക് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായി ആവശ്യപ്പെടുകയായിരുന്നു. പക്ഷേ സർക്കാർ അത് അംഗീകരിച്ചിരുന്നില്ല.
ഇന്ന് (ജൂലൈ 28) ആരംഭിക്കുന്ന ചർച്ചയ്ക്കായി ലോക്‌സഭാ സ്‌പീക്കർ 16 മണിക്കൂർ അനുവദിച്ചിട്ടുണ്ട്. 100ലധികം എംപിമാരുള്ള സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ കോൺഗ്രസ് എംപിമാർക്ക് ഏകദേശം മൂന്ന് മണിക്കൂർ ലഭിക്കാൻ സാധ്യതയുണ്ട്. പഹൽഗാം-ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിരവധി പാർട്ടി നിയമസഭാംഗങ്ങൾ സംസാരിക്കുമെന്നാണ് വിലയിരുത്തൽ.
സംസാരിക്കാൻ അവസരം ലഭിക്കുന്ന എംപിമാരുടെ പേരുകൾ സംബന്ധിച്ച് ഹൈക്കമാൻഡും എൽഒപിയും ചുരുക്കപ്പട്ടിക തയാറാക്കും. വ്യക്തിയുടെ അനുയോജ്യത, പ്രാദേശിക പ്രാതിനിധ്യം എന്നിവയെ ആശ്രയിച്ചാകും പട്ടിക തയാറാക്കുക. ദേശീയ പ്രാധാന്യമുള്ള ഒരു വിഷയമായതിനാൽ നിരവധി എംപിമാർ ചർച്ചയ്ക്കിടെ സംസാരിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.100ലധികം അംഗങ്ങളുള്ളതിനാൽ ആർക്കാണ് അവസരം ലഭിക്കേണ്ടതെന്ന് തീരുമാനിക്കുക പാർട്ടി നേതൃത്വമാണെന്ന് കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിഷയം സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്‌പര്യമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്ത് പോയ പ്രതിനിധി സംഘത്തെ നയിച്ച തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു അതിന് പിന്നാലെയാണ് ശശി തരൂര്‍ ഇക്കാര്യം അറിയിച്ചത്.