NCAയിൽ സ്‌പെഷ്യൽ ക്യാമ്പ്, ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം?മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്കോ?
ബെംഗളൂരു: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അടുത്തിരിക്കേ, ഐ.പി.എലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവിനെ സ്‌പെഷ്യല്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തി ദേശീയ ക്രിക്കറ്റ് അക്കാദമി. ഒക്ടോബര്‍ ആറിനാണ് ആദ്യ ടി20 മത്സരം. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ട്രെയിനിങ് ക്യാമ്പിലാണ് മായങ്കിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരത്തെ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഐ.പി.എലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് മായങ്ക്. ഐ.പി.എലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് സെലക്ടര്‍മാരെ ഞെട്ടിച്ചിരുന്നു. പേസ് ബൗളിങ്ങില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഇപ്പോള്‍തന്നെ മായങ്കിനെ വിലയിരുത്തുന്നവരുണ്ട്. തുടര്‍ച്ചയായി ഫോം കണ്ടെത്തുന്ന താരമാണെങ്കിലും ഇന്ത്യന്‍ ടീമിലെത്തുന്നതില്‍ പരിക്ക് വില്ലനായി.
കഴിഞ്ഞ ഒരു മാസമായി മായങ്കിനെ പരിക്കുകളൊന്നും അലട്ടുന്നില്ലെന്നും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെന്നും ബി.സി.സി.ഐ.യെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിന് അദ്ദേഹം എത്രത്തോളം സജ്ജമാണെന്നറിയാന്‍ സെലക്ടര്‍മാര്‍ക്ക് താത്പര്യമുണ്ട്. നീണ്ട ടെസ്റ്റ് സീസണിനുശേഷം ബംഗ്ലാദേശിനെതിരായ ടി20യിലേക്ക് പുതുമുഖ താരങ്ങളെ കൊണ്ടുവരുന്നതിലാണ് സെലക്ടര്‍മാരുടെ ശ്രദ്ധ. കഴിഞ്ഞ രണ്ട് മാസമായി ഹാര്‍ദിക് പാണ്ഡ്യ അന്താരാഷ്ട്ര ക്രിക്കറ്റിലില്ല. അഭിഷേകും നല്ലനിലയിലുള്ള പ്രാക്ടീസിങ് നടത്തേണ്ടതുണ്ടെന്നും ബി.സി.സി.ഐ. അറിയിച്ചതായാണ് സൂചന.
2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം. ന്യൂസീലന്‍ഡിനെതിരേ അടുത്തമാസം നടക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ താരത്തോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.