സമാജ്‌വാദി പാർട്ടി ‘ബിജെപിയുടെ ബി ടീം’ -ആദിത്യ താക്കറെ
മുംബൈ :സമാജ്‌വാദി പാർട്ടിയെ (എസ്‌പി) ‘ബിജെപിയുടെ ബി ടീം’ ആണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. ഡിസംബർ 6 ന് സാമൂഹ്യ മാധ്യമത്തിൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തവരിൽ ബാൽ താക്കറെ അഭിമാനിക്കുന്നുവെന്ന സേന (യുബിടി) എംഎൽസി മിലിന്ദ് നർവേക്കറിൻ്റെ പോസ്റ്റിനെ സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസിം ആസ്മി വിമർശിച്ചിരുന്നു. കൂടാതെ ഇതുൾപ്പെടുന്ന കാരണം പറഞ് മഹാ വികാസ് അഘാഡി സഖ്യവുമായുള്ള സഖ്യവും എസ്‌പി
ഉപേക്ഷിച്ചിരുന്നു .മഹാരാഷ്ട്രയിലെ എസ്പിയെ ബിജെപിയുടെ ബി ടീം എന്ന് വിളിച്ച ആദിത്യ, അതേസമയം അഖിലേഷ് യാദവ് മികച്ച നേതാവാണെന്ന് പറഞ്ഞു . അഖിലേഷ് SPയെ വ്യത്യസ്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഇന്ത്യൻ സഖ്യത്തെ മികച്ച രീതിയിൽ നയിക്കുകയാണെന്നും താക്കറെ പറഞ്ഞു. ഹിന്ദുത്വവും രാമനും നമ്മുടെ ഹൃദയത്തിലുണ്ട് .ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.
“എംവിഎ രൂപീകരിച്ചത് മതേതര അടിസ്ഥാനത്തിലാണ് . നർവേക്കറുടെ ട്വീറ്റിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ആദിത്യ താക്കറെയോട് ചോദിക്കൂ . അദ്ദേഹത്തിന്റെ ‘ബി ടീം’ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” സമാജ്‌വാദി എംഎൽഎ ആരിഫ് ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളുമായി സംസാരിച്ചു. നർവേക്കറുടെ ട്വീറ്റിനോടുള്ള കോൺഗ്രസ്, എൻസിപി (എസ്പി), ശിവസേന (യുബിടി) എന്നിവരുടെ പ്രതികരണങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.”ഷെയ്ഖ് പറഞ്ഞു.
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിൻ്റെ 32-ാം വാർഷികമായിരുന്ന ഡിസംബർ 6ന് സേന (യുബിടി) നേതാവ് മിലിന്ദ് നർവേക്കർ പള്ളി പൊളിച്ചതിൻ്റെ ചിത്രവും മസ്ജിദ് തകർത്തവരിൽ അഭിമാനമുണ്ടെന്ന് ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഉദ്ധരണിയും സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു . ഉദ്ധവ് താക്കറെയുടെയും ആദിത്യ താക്കറെയുടെയും ചിത്രങ്ങളും പോസ്റ്ററിൽ ഉണ്ടായിരുന്നു. ഇതാണ് മഹാരാഷ്ട്രയിലെ സമാജ്‍വാദി പാർട്ടിനേതാക്കളെ ചൊടിപ്പിച്ചത്.