‘മാപ്പു പറയണം, അല്ലെങ്കിൽ 5 കോടി’; സൽമാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
മുംബൈ∙ നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഭിക്കാറാം. പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത കാണുന്നതിനിടെയാണ് ഭിക്കാറാം മുംബൈ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്‌യുടെ ആരാധകനാണ് താനെന്ന് ചോദ്യംചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു. ‘‘ഇതു ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – ഭിക്കാറാം ഭീഷണി സന്ദേശത്തിൽ പറഞ്ഞത് ഇങ്ങനെ.