‘പാട്ടു പാടുമോയെന്ന് വഴിയേ കാണാം’; കേരളത്തിലെ ജനങ്ങൾ‌ ആഗ്രഹിക്കുന്ന വിധി ചേലക്കരയിലുണ്ടാകും: രമ്യ ഹരിദാസ്

0

കോട്ടയം∙  ചേലക്കരയിൽ പാട്ടു പാടി പ്രചരണം നടത്തുമോയെന്നു വഴിയേ കാണാമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനം വോട്ടായി മാറും. ചേലക്കരയിലെ ആളുകളുടെ സ്‌നേഹവും പിന്തുണയുമായിരിക്കാം തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടി തീരുമാനത്തിനു പിന്നിൽ‌. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ആലത്തൂരിൽ തന്നെയുണ്ടായിരുന്നു. പാർട്ടി ഉപതിരഞ്ഞെടുപ്പിൽ ഉത്തരവാദിത്തം ഏൽപ്പിക്കുമോ എന്നൊന്നും ചിന്തിക്കാതെയാണു പ്രവർ‌ത്തിച്ചതെന്നും രമ്യ ഹരിദാസ് മനോരമ ഓൺലൈനോടു പറഞ്ഞു.

∙ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തെ എങ്ങനെ നോക്കിക്കാണുന്നു ?

കഴിഞ്ഞ 6 വർഷക്കാലമായിട്ട് ഞാൻ ഇവർക്കൊപ്പമാണ്. ചേലക്കര ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തെയാണു ഞാൻ പ്രതിനിധീകരിച്ചത്. എന്നെ ഇവിടെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പാർട്ടി നാളിതുവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തിട്ടുണ്ട്. ഒരു പഞ്ചായത്ത് മെമ്പറായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഒക്കെ നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചു. ആലത്തൂരിൽ ലോക്സഭയിൽ മത്സരിക്കാൻ അവസരം തന്നപ്പോഴും കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു തുടരും.

∙ ചേലക്കര ഒരു ഇടതു കോട്ടയാണല്ലോ, പിടിച്ചടക്കാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ടോ?

പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയിരുന്നു. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പു ഫലമുണ്ട്. അത് ചേലക്കരയിലുണ്ടാകും. യുഡിഎഫ് വരണമെന്ന് ചെങ്കൊടി പിടിക്കുന്ന സാധാരണ  സിപിഎമ്മുകാരൻ പോലും ആഗ്രഹിക്കുന്നുണ്ട്.

∙ എംഎൽഎ എന്ന നിലയിൽ കെ. രാധാകൃഷ്ണന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

ഏറെ ബഹുമാന്യനായ രാധാകൃഷ്ണൻ സർ പ്രതിനിധീകരിച്ച മണ്ഡലമാണിത്. പക്ഷേ, കോൺഗ്രസുകാർ വളരെ കഠിനാധ്വാനം നടത്തുന്ന ഒരു മണ്ഡലം കൂടിയാണിത്. ആ കഠിനാധ്വാനം വോട്ടായി മാറും.

∙ അടുത്തടുത്തുള്ള തിരഞ്ഞെടുപ്പിൽ രമ്യയെ പാർട്ടി വീണ്ടും പരിഗണിച്ചതിലെ കാരണമെന്തായിരിക്കാം? 

ചേലക്കരയിലെ ആളുകളുടെ സ്‌നേഹവും പിന്തുണയുമായിരിക്കാം പാര്‍ട്ടി തീരുമാനത്തിനു പിന്നിലെന്നാണു വിശ്വസിക്കുന്നത്. സാധാരണക്കാരിയായ എന്നെ വലിയ അംഗീകാരം നല്‍കി കൈപിടിച്ച് നടത്തുകയാണ് കോൺഗ്രസ്. കഴിഞ്ഞ കുറേക്കാലമായി വലിയ ആവേശത്തോടെ കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.

∙ ചേലക്കരയിൽ കോൺഗ്രസിന്റെ അനുകൂല ഘടകങ്ങൾ എന്തൊക്കെയാണ്?

‘‘ഞാനൊരു സഖാവാണ്, ഒരു പ്രാദേശിക പ്രവര്‍ത്തകനാണ്, പക്ഷേ ഞങ്ങളുടെ മനസ് പോലും കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിക്കുകയാണ്’’ എന്നൊരാള്‍ പറഞ്ഞ വാക്കുകേട്ട ശേഷമാണ് ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. ഇത്തരത്തിലുള്ള മനുഷ്യർ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

∙ പ്രിയങ്കയുടെ വയനാട്ടിലേക്കുള്ള വരവ് ഗുണം ചെയ്യുമോ?

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം കേരളത്തില്‍നിന്നായതില്‍ വളരെ സന്തോഷമുണ്ട്. അത് യുഡിഎഫിനു ഗുണം ചെയ്യും. രാഹുല്‍ജി ഹൃദയത്തില്‍ സൂക്ഷിച്ച വയനാടില്‍നിന്ന് പ്രിയങ്കാജി കൂടി മത്സരിക്കുമ്പോള്‍ അതു ഞങ്ങളെ സംബന്ധിച്ചു വലിയ സന്തോഷമുള്ള കാര്യമാണ്. സ്വന്തം അച്ഛന്റെ നെറ്റിയില്‍ അവസാനമൊരു ചുംബനം നല്‍കാന്‍ കഴിയാതെ പോയ പ്രിയങ്കാജി കൂടി മത്സരിക്കുകയാണ്. അതു ഞങ്ങള്‍ക്കു വലിയ ആവേശമാണ്.

∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം കഴിഞ്ഞ് നാലു മാസമാകുന്നു. എങ്ങനെയാണ് അതിജീവിച്ചത്?

വ്യക്തികൾ തമ്മിലുള്ള മത്സരമല്ലല്ലോ ഇത്. ആശയങ്ങൾ തമ്മിലാണു മത്സരം. 2024ലെ തിരഞ്ഞെടുപ്പ് ഫലം പോസിറ്റീവോ നെഗറ്റീവോ ആയിരിക്കട്ടെ. 2019ൽ ആദ്യമായി മത്സരിക്കാൻ വന്നപ്പോൾ ആലത്തൂരിൽ ഞാൻ ഉണ്ടാകുമെന്നു പറഞ്ഞു. അതിൽ മാറ്റം വന്നിട്ടില്ല. പരാജയപ്പെട്ടിട്ടും ആലത്തൂരിൽ തന്നെയുണ്ടായിരുന്നു. പാർട്ടി ഉപതിരഞ്ഞെടുപ്പിൽ ഉത്തരവാദിത്തം ഏൽപ്പിക്കുമോ എന്നൊന്നും ചിന്തിക്കാതെയാണു പ്രവർ‌ത്തിച്ചത്.

∙ അപ്പോൾ തോൽവി വിഷമിപ്പിച്ചിട്ടില്ല?

തിരഞ്ഞെടുപ്പിൽ നല്ല മത്സരമാണു കാഴ്ചവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വർ‌ഷങ്ങളായി രാധാകൃഷ്ണൻ സർ കൈവശം വച്ചിരുന്ന          ചേലക്കരയിൽ കിട്ടിയ പിന്തുണയാകാം എന്നെ സ്ഥാനാർഥിയായി പരിഗണിക്കാൻ കാരണം.

∙ പാട്ട് പാടിയാകുമോ ഈ തിരഞ്ഞെടുപ്പ് പ്രചരണവും?

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചല്ലേയുള്ളൂ. നമുക്ക് അത് നോക്കാം എങ്ങനെയാന്ന്. നമ്മുടെ ആൾക്കാരല്ലേ. അവർക്കെല്ലാം എന്നെ അറിയാം.

∙ അപ്പോൾ പാട്ട് പാടില്ലെന്നാണോ?

നമുക്ക് വഴിയേ കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *