അമ്മയെ കഴുത്ത് ഞെരിച്ചു കൊന്ന മകന് ജീവപര്യന്ത്യം തടവും , അരലക്ഷം പിഴയും

കണ്ണൂർ :അമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ മകന് ജീവപര്യന്ത്യം തടവും , അരലക്ഷം പിഴയും.ഉളിയിൽ വെമ്പടിച്ചാൽ വീട്ടിൽ പാർവതി അമ്മയെ (86) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ കെ. സതീശനെയാണ് (55) തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
മദ്യപാനിയായ പ്രതി സ്വത്ത് വിറ്റ് പണം ചെലവഴിച്ചതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. 2018 മേയ് 13ന് ഉച്ചക്കുശേഷം 3.30നാണ് കേസിനാസ്പദമായ സംഭവം. പാർവതി അമ്മയുടെ പേരിലുള്ള ചാവശ്ശേരിയിലെ ഭവനത്തിൽവെച്ചാണ് ക്രൂരകൃത്യം നടന്നത്.പാർവതി അമ്മയെ കട്ടിലിൽ കിടത്തി ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞാണ് മരണം. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. ബന്ധുവും അയൽക്കാരനുമായ വിനീഷിന്റെ പരാതിയിൽപരാതിയിൽ മട്ടന്നൂർ എസ്.ഐ ആയിരുന്ന ശിവൻ ചോടോത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈ.എസ്.പി എ.വി. ജോൺ അന്വേഷണം നടത്തി.
ഡിവൈ.എസ്.പി ജോഷി ജോസ് അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗം 25 സാക്ഷികളെ 25 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും 12 തൊണ്ടി മുതലുകളും തെളിവിലേക്ക് ഹാജരാക്കി. പ്രതിയുടെ മകൾ എൻ.വി. ആര്യ, അയൽക്കാരായ വിജയൻ, രാജീവൻ, പ്രദീപൻ, ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണൻ പിള്ള, പൊലീസുകാരായ കെ. അനിൽ, കെ.വി. വിനോദ്, രൂപേഷ്, ഐഡിയ നോഡൽ ഓഫിസർ അഗസ്റ്റിൻ ജോസഫ്, ബി.എസ്.എൻ.എൽ നോഡൽ ഓഫിസർ കെ.എ. ഷോബിൻ, വില്ലേജ് ഓഫിസർ മുഹമ്മദ് അഫ്സൽ, പി.പി. ജോസഫ്, എ.എസ്.ഐ പ്രഭാകരൻ എന്നിവരായിരുന്നു കേസിലെ പ്രധാന സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.