മരുമകനെ മകളെ ഉപദ്രവിച്ച കൊണ്ട് ഓടുന്ന ബസിലിട്ട് കൊലപ്പെടുത്തി

0

 

മുംബൈ: മകളുടെ ഭര്‍ത്താവിനെ ഓടുന്ന ബസില്‍വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ഗദ്ധിങ്‌ലാജ് സ്വദേശികളായ ഹനുമന്തപ്പ കാലെ(48) ഭാര്യ ഗൗരവ കാലെ(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകളുടെ ഭര്‍ത്താവായ സന്ദീപ് ഷിര്‍ഗാവെ(35)യാണ് കൊല്ലപ്പെട്ടത്. മകളെ നിരന്തരം ഉപദ്രവിക്കുന്നതിനാലാണ് മരുമകനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോലാപൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ പോലീസിന് സംശയം ബലപ്പെട്ടു. ഇതിനിടെ യുവാവിന്റെ സമീപത്തുനിന്ന് കണ്ടെടുത്ത ബാഗില്‍ ചില രേഖകളും ഭാര്യയുടെ ഫോണ്‍ നമ്പരും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഭാര്യയെ ഫോണില്‍ വിളിച്ചു. തന്റെ മാതാപിതാക്കള്‍ക്കൊപ്പം സന്ദീപ് കഴിഞ്ഞദിവസം ബസില്‍ യാത്രതിരിച്ചെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു ഭാര്യയുടെ മൊഴി. പിന്നാലെ ബസ് സ്റ്റാന്‍ഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെ ഒരു സ്ത്രീയും പുരുഷനും സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഹനുമന്തപ്പയും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകളെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് സഹിക്കവയ്യാതെയാണ് കൃത്യം നടത്തിയതെന്നുമായിരുന്നു പ്രതികളുടെ മൊഴി. ഇനിയും ഭര്‍ത്താവ് ഉപദ്രവിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഭീഷണി മുഴക്കിയിരുന്നു. സംഭവദിവസം സന്ദീപ് ഭാര്യയെയും മകനെയും കാണാനായി ഗ്രാമത്തിലെത്തി. തുടര്‍ന്ന് ഇയാളെ തിരികെ പറഞ്ഞയച്ച് ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ടെങ്കിലും അല്പസമയത്തിനകം വീണ്ടും തിരിച്ചെത്തി. മദ്യപിച്ചശേഷമാണ് ഇത്തവണ സന്ദീപ് വീട്ടില്‍വന്നത്. തുടര്‍ന്ന് പ്രതികള്‍ വീണ്ടും മരുമകനെ ബസ്സില്‍ കയറ്റി ഗ്രാമത്തില്‍നിന്ന് കൊണ്ടുപോയി. യാത്രചെയ്ത ബസ്സില്‍ ആ സമയം യാത്രക്കാര്‍ കുറവായിരുന്നു. സന്ദീപിനെയും പ്രതികളെയും കൂടാതെ മറ്റുരണ്ടുപേര്‍ കൂടിയാണ് യാത്രക്കാരായി ബസ്സിലുണ്ടായിരുന്നത്. തുടര്‍ന്ന് സന്ദീപ് ഉറങ്ങുന്നതിനിടെ ട്രാക്ക് പാന്റ്‌സിന്റെ നാട ഉപയോഗിച്ച് ഇയാളുടെ കഴുത്തില്‍ മുറുക്കിയെന്നും മരണം ഉറപ്പുവരുത്തിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബസ് കോലാപൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സന്ദീപിനെ താങ്ങിയെടുത്ത് പുറത്തെത്തിച്ചു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെ ഭക്ഷണശാലയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയാണുണ്ടായതെന്നും പ്രതികള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *