വീടിനുള്ളിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി: തടയാൻ ശ്രമിച്ച സഹോദരനു പരുക്ക്

0

ബോവിക്കാനം ∙ വീടിനുള്ളിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുളിയാർ പൊവ്വൽ ബെഞ്ച്കോടതിയിലെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്നു പൊലീസ് വ്യക്തമാക്കി.

മർദിക്കുന്നതു തടയാൻ ശ്രമിച്ച സഹോദരൻ മജീദിനെയും പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. സാരമായി പരുക്കേറ്റ ഇയാളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കത്തികാട്ടി സ്ഥലത്തു പരിഭ്രാന്തി സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ പൊവ്വൽ സ്റ്റേറിനു സമീപത്തു വച്ചു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് 4നാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് ഇവർ മൂന്നുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളയിൽ നിന്ന് നിലവിളി കേട്ട് നോക്കിയ മജീദ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നബീസയെയാണ് കണ്ടത്. ‌തടയാൻ ശ്രമിച്ചപ്പോഴാണ് മജീദിനു മർദനമേറ്റത്. വീടിന്റെ അടുക്കളയിലും ഹാളിലും രക്തം തളംകെട്ടി കിടക്കുകയായിരുന്നു. വീട്ടുമുറ്റത്ത് ചിരവ, മൺവെട്ടി, വടി എന്നിവ വലിച്ചെറിഞ്ഞ നിലയിലാണ്. ഇതിൽ ഏതുകൊണ്ടാണ് അടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഇതിനു ശേഷം കത്തിയും വടിയും കാണിച്ച് നാസർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ അയൽവാസികൾക്കു പോലും പെട്ടെന്ന് അങ്ങോട്ടു പോകാൻ കഴിഞ്ഞില്ല. ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നബീസ മരിച്ചിരുന്നു. മൃതദേഹം കാസർകോട് ഗവ.ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ഡിവൈഎസ്പി വി.വി.മനോജ് തുടങ്ങിയവർ സ്ഥലത്തെത്തി. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്കു കൈമാറും. മറ്റുമക്കൾ:അബ്ദുൽ ഖാദർ, ഇക്ബാൽ, ഇർഫാന, ഇർഷാന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *