പട്ടികജാതി വികസനവകുപ്പിന്‍റെ ഹോം സര്‍വ്വേ ബഹിഷ്കരിക്കും: ദളിത് ആദിവാസി സംയുക്തസമിതി

0

കോട്ടയം: പട്ടികജാതി വികസനവകുപ്പ് എസ്.സി പ്രമോട്ടര്‍മാര്‍ മുഖേന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് -6 മുതല്‍ നടപ്പിലാക്കുന്ന ഹോം സര്‍വ്വേ പട്ടിക വിഭാഗ സമൂഹം ബഹിഷ്കരിക്കും. സംസ്ഥാനത്ത് ജാതി സെന്‍സസ് വിഷയം ശക്തമായിരിക്കേ അതിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സര്‍വ്വേയിലൂടെ പട്ടികജാതി കുടുംബങ്ങളുടെയും സങ്കേതങ്ങളുടെയും സ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വികസന വിടവു കണ്ടെത്തി പദ്ധതികളാവിഷ്കരിക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വാദം. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിലൂടെ മാത്രമേ ജനവിഭാഗങ്ങളുടെ അധികാര വിഭവ പങ്കാളിത്തത്തിന്‍റെ ശരിയായ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവരികയുള്ളൂ. ജാതി സെന്‍സസ് നടപ്പിലാക്കുന്നതിനുവേണ്ടി പട്ടികവിഭാഗങ്ങളുള്‍പ്പെടെ അറുപതിലധികം സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോള്‍ സമരത്തിലാണ്. ജാതി സെന്‍സസ് എന്ന ആവശ്യത്തെ അട്ടിമറിക്കാനും, ഇതിനുവേണ്ടി ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഇടയിലൂണ്ടായിട്ടുള്ള ഐക്യത്തെ തകര്‍ക്കാനുമാണ് തിരക്കുപിടിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പട്ടിക വിഭാഗ ഹോം സര്‍വ്വേയുടെ ഉദ്ദേശം. അതുകൊണ്ടുതന്നെ വീടുകളിലെത്തുന്ന വാളണ്ടിയര്‍മാരോട് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ച് സര്‍വ്വേ ബഹിഷ്കരിക്കാനാണ് പട്ടികവിഭാഗ സംഘടനകളുടെ തീരുമാനം.

അധികാരമുണ്ടായിട്ടും സംസ്ഥാനത്ത് ജാതിസെന്‍സസ് നടത്താന്‍ വിസമ്മതിക്കുന്ന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള ജില്ലാതല സമര പ്രഖ്യാപനകണ്‍വന്‍ഷനുകള്‍ ഏപ്രില്‍ -3ന് ആരംഭിക്കും. മാര്‍ച്ച് 5, 6 തീയതികളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന്‍റെ തുടര്‍ച്ചയാണ് കണ്‍വന്‍ഷനുകളെന്ന്

പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.പി.എം.എസ്, കണ്‍വീനര്‍ ദളിത് ആദിവാസി സംയുക്ത സമതി)കെ.കെ.സുരേഷ് (പ്രസിഡന്‍റ്, സി.എസ്.ഡി.എസ്, ചെയര്‍മാന്‍ ദളിത് ആദിവാസി സംയുക്ത സമതി)എ.കെ.സജീവ് (ജനറല്‍ സെക്രട്ടറി, എ.കെ.സി.എച്ച്.എം.എസ്) ഐ.ആര്‍.സദാനന്ദന്‍ (ജനറല്‍ സെക്രട്ടി, കെ.സി.എസ്) കെ.വി.അജയകുമാര്‍ (ഖജാന്‍ജി, എ.കെ.എച്ച്.എസ്.എം.എസ്) ഡോ. എസ്. അറുമുഖം (ജനറല്‍ സെക്രട്ടറി, അരുന്ധതിയാര്‍ ചക്ലിയര്‍ സമുദായ സമിതി)അഡ.എ.സനീഷ്കുമാർ(വൈസ് പ്രസിഡന്റ്,കെ.പി.എം.എസ്) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *