‘ശോഭാ സുരേന്ദ്രനോട് സഹതാപം മാത്രം; കുഴൽപണം സംബന്ധിച്ച് വെളിപ്പെടുത്തിയാൽ ഗുണമുണ്ടാകുമെന്ന് പറഞ്ഞു’

0

 

തൃശൂർ∙  കൊടകര കുഴൽപണക്കേസിൽ ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. കേസിൽ നിർണായകമായ തെളിവുകൾ പുറത്തുവിടുമെന്നും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബിജെപി നേതാക്കൾ ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം തുറന്നടിച്ചു. ശോഭാ സുരേന്ദ്രനെതിരെയും സതീഷ് ഗുരുതര ആരോപണമുന്നയിച്ചു. ശോഭാ സുരേന്ദ്രനോട് സഹതാപം മാത്രമാണ് ഉള്ളത്. കുഴൽപണം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തുറന്നു പറയാൻ ശോഭാ സുരേന്ദ്രൻ പറഞ്ഞു.  ഡിസംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് വരികയാണ്. ആ സമയം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തനിക്കു ഗുണമുണ്ടാകുമെന്നാണ് ശോഭ പറഞ്ഞത്. പണം എത്രയാണെന്നും അത് ആർക്കെല്ലാം ലഭിച്ചുവെന്നും പറഞ്ഞിട്ടില്ല.

പണം ബിജെപി ഓഫിസിൽ എത്തിയെന്ന് പറഞ്ഞപ്പോൾ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും വ്യക്തിഹത്യ നടത്തുകയാണെന്നും സതീഷ് ആരോപിച്ചു. ‘‘രണ്ട് വർഷം മുൻപ് എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് ബിജെപി ജില്ലാ അധ്യക്ഷൻ പറഞ്ഞത്.  എന്നാൽ അദ്ദേഹം പറഞ്ഞ സമയം കഴിഞ്ഞ് ആറുമാസത്തോളം ഞാൻ ഓഫിസ് ചുമതലയിൽ ഉണ്ടായിരുന്നു. ഓഫിസിലെ ഓഡിറ്റിങിന് രേഖകൾ ഹാജരാക്കിയത് ഞാനാണ്. ഞാൻ പാർട്ടിയിൽ നിന്ന് സ്വമേധയാ പുറത്തു പോയതാണ്, ആരും പുറത്താക്കിയതല്ല. പുറത്താക്കി എന്ന് പറയുന്നത് ഇവർക്ക് രക്ഷപ്പെടാൻ വേണ്ടിയാണ്.  നുണകൾ തയാറാക്കി ഇരിക്കുകയാണ് ബിജെപി നേതാക്കൾ.  പൊലീസിനോട് അടുത്ത ദിവസങ്ങളിൽ വിശദമായി കാര്യങ്ങൾ വെളിപ്പെടുത്തും.’’ – സതീഷ് പറഞ്ഞു.

‘‘സിപിഎം തന്നെ വിലയ്ക്ക് വാങ്ങിയെന്നത് വലിയ തമാശയാണ്.  കുഴൽപണ കേസിൽ കള്ളപ്പണക്കാരനായ ധർമരാജൻ ആദ്യം ബന്ധപ്പെട്ടത് കെ.സുരേന്ദ്രനെയും മകനെയുമാണ്. കള്ളപ്പണക്കാരനുമായി എന്താണ് സംസ്ഥാന അധ്യക്ഷന് ബന്ധം? മുൻപും ധർമരാജനിൽ നിന്ന് സുരേന്ദ്രൻ പണം വാങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് കൊണ്ടുവന്ന ഒരു കോടി രൂപ സുരേന്ദ്രൻ കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 35 ലക്ഷം രൂപയാണ് ധർമരാജൻ തിരുവനന്തപുരത്ത് വി.വി രാജേഷിന് കൈമാറിയത് .’’ സതീഷ് വെളിപ്പെടുത്തി. ‘‘ശോഭ ചേച്ചി മറ്റ് നേതാക്കൾ പറയുന്നത് ഏറ്റുപിടിക്കുകയാണ്. ശോഭയെ ജില്ലാ ഓഫിസിലേക്ക് കടത്തരുതെന്ന് പറഞ്ഞയാളാണ് നിലവിലെ ജില്ലാ അധ്യക്ഷൻ അനീഷ് കുമാർ.  സംസ്ഥാന വൈസ് പ്രസിഡന്റ് ഓഫിസിൽ കടക്കുന്നത് തടയാൻ തനിക്ക് സാധിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ശോഭ സ്വയം പരിഹാസ്യയാകരുത്. മറ്റൊരു അവതാരമായ വി.മുരളീധരനും തനിക്കെതിരെ രംഗത്ത് വന്നിരുന്നു.’’ – സതീഷ് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *