സുനിൽ കേദാറിൻ്റെ പ്രസ്താവനക്കെതിരെ ഡോംബിവ്‌ലിയിൽ പ്രതിഷേധം
ഡോംബിവ്‌ലി :മഹാവികാസ് അഘാടി സഖ്യം അധികാരത്തിൽ വന്നാൽ നിലവിലുള്ള ‘ ലഡ്‌കി ബഹിൺ യോജന’ നിർത്തലാക്കുമെന്ന മുൻമന്ത്രി സുനിൽ ഛത്രപാൽ കേദാറിൻ്റെ പ്രസ്താവനക്കെതിരെ ഡോംബിവ്‌ലിയിൽ ശിവസേന ഷിൻഡെ വിഭാഗം വനിതകൾ പ്രതിഷേധിച്ചു. ഈസ്റ്റിലുള്ള ഇന്ദിര ചൗക്കിൽ നടന്ന പ്രകടനത്തിൽ സേന കല്യാൺ ജില്ലാ പ്രമുഖ് ഗോപാൽ ലാണ്ട്ഗേ ,ജില്ലാ നേതാവ് ലതാപാട്ടീൽ ഉപജില്ലാ നേതാവ് ശീതൾ ലേക്കെ എന്നിവർ നേതൃത്തം നൽകി.
ലഡ്‌കി ബഹിൻ യോജന നിർത്താനുള്ള കോൺഗ്രസിൻ്റെ ശ്രമം അവസാനിപ്പിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം ആർക്കും ഈ പരിപാടി തടയാനാകില്ലെന്നും മുൻ കോൺഗ്രസ്സ് എംപി ആയിരുന്ന ശിവസേന നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. 21 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിമാസം 1,500 രൂപ ലഭ്യമാക്കുന്ന ഷിൻഡെ സർക്കാറിൻ്റെ പദ്ധതിയാണ് ‘ ലഡ്‌കി ബഹിൺ യോജന’