ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ച് SNDP
പത്തനംതിട്ട: SNDP സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലാണ് ഭക്തർ ഷർട്ട് ധരിച്ച് കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്നാണ് ആവശ്യം. സ്ഥലത്ത് പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ആരും തടഞ്ഞിരുന്നില്ല.
സ്ത്രീകൾ മുടി അഴിച്ചിട്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന ബോർഡ് ക്ഷേത്രത്തിൽ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനിൽക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകൾ സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്എൻഡിപി ശാഖകളിലെ ഭക്തരാണ് ഷർട്ടിടാതെ ക്ഷേത്രത്തിൽ പ്രവേശിച്ചത്.
ശബരിമലയിൽ തിരുവാഭരണം ചാർത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോൾ തിരുവാഭരണം വിഗ്രഹത്തിൽ ചാര്‍ത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രം.ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ മേൽശാന്തി പറഞ്ഞു ഷർട്ട് ധരിച്ചു കയറരുത് എന്ന്. എന്നാൽ തങ്ങൾ സമാധാനപരമായി പ്രാർത്ഥിക്കാൻ എത്തിയതാണെന്നും മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും ഷർട്ട് ധരിച്ചു കയറുക എന്നതാണ് തങ്ങളുടെ തീരുമാനം എന്ന് അറിയിച്ചതായും എസ്എൻഡിപി അംഗംങ്ങൾ പറഞ്ഞു.
കൂടൽ മാണിക്യം ക്ഷേത്രത്തിൽ ബാലു എന്ന യുവാവിനെ ക്ഷേത്ര ജോലികളിൽ നിന്ന് മാറ്റി നിർത്തി വിവേചനം കാട്ടിയ തന്ത്രിയുടെ പ്രവണതയ്‌ക്കെതിരെ തങ്ങൾക്ക് പ്രതിഷേധം ഉണ്ടെന്നും ഈ വിഷയം ഉന്നയിച്ചു കൊണ്ടുമാണ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറിയതെന്നും ആംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന ശബരിമല ക്ഷേത്രത്തിൽ ഇതുവരെ പിന്നാക്കക്കാരനായ ഒരാളെ മേൽ ശാന്തിയായി നിയമിച്ചിട്ടില്ല. അതിനെതിരെയും ഞങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. വരും കാലങ്ങളിൽ മറ്റ് ശാഖകളെയും യുണിയനുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും കൂടൽ മാണിക്യം ക്ഷേത്രത്തിൽ നടന്ന വിവേചനമാണു ഇതിനു തുടക്കമായതെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയത്തിൽ സർക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ഷർട്ടിട്ട് കയറാൻ സർക്കാർ പറഞ്ഞിട്ടുണ്ടെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ, തന്ത്രിമാർ ഇവരുമായാണ് തങ്ങൾക്ക് അഭിപ്രായ വ്യത്യാസം എന്നും അവർ പ്രതികരിച്ചു.എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുൻപ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കുമ്പളം ലക്ഷമിനാരായണ ക്ഷേത്രത്തിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ചു കയറാൻ അനുമതി നൽകിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്‍റെ വാർഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്. ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഷർട്ടിട്ട് പുരുഷന്മാരെ ക്ഷേത്രത്തിൽ കയറ്റാന്‍ തീരുമാനിച്ചത്.