നിശാ പാർട്ടികൾക്ക് പാമ്പിൻ വിഷം കൊണ്ടുവന്നു; ബിഗ് ബോസ് ഒടിടി വിന്നർ അറസ്റ്റിൽ
ന്യൂഡൽഹി: നിശാ പാർട്ടികളിൽ പാമ്പിൻ വിഷം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിഗ് ബോസ് ഒടിടി വിന്നർ അറസ്റ്റിൽ. നോയിഡ പൊലീസാണ് യൂട്യൂബർ കൂടിയായ എൽവിഷ് യാദവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യാദവിനെ പോലീസ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
യാദവ് കൂടാതെ പാമ്പിൻ വിഷം സംഘടിപ്പിച്ചതിന് അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉന്മേഷം നൽകുന്നതിനെന്ന പേരിൽ കഴിഞ്ഞ വർഷം പാർട്ടികളിൽ പാമ്പിൻ വിഷം ഉപയോഗിച്ചതിനെതിരെയാണ് പൊലീസ് കേസെടുത്തത്.
2023 നവംബർ 3ന് നോയിഡയിലെ ഒരു പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ നാല് പാമ്പുപിടുത്തക്കാരുൾപ്പെടെ അഞ്ച് പേരെയാണ് പിടികൂടിയത്. ഇവിടെ നിന്ന് ഒമ്പത് പാമ്പുകളെയാണ് കണ്ടെടുത്ത് രക്ഷപ്പെടുത്തിയത്. പാമ്പിൻ വിഷവും ഒപ്പം പിടികൂടിയിരുന്നു. യാദവ് നിയമവിരുദ്ധമായ തരത്തിൽ പാമ്പിനെ ഉപയോഗിച്ച് വീഡിയോകളെടുത്ത് യൂട്യൂബിൽ പബ്ലിഷ് ചെയ്തിരുന്നു.
ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ കീഴിലുള്ള മൃഗസംരക്ഷണ സംഘം യാദവിനെ വ്യാജപേരിൽ ബന്ധപ്പെടുകയും പാമ്പിൻ വിഷം ആവശ്യപ്പെടുകയുമായിരുന്നു. ഇവർ യാദവിൽ നിന്ന് ലഭിച്ച നമ്പറിൽ ബന്ധപ്പെടുകയും തുടർന്ന് നാല് പാമ്പുപിടുത്തക്കാരെ കണ്ടെടുക്കുകയുമായിരുന്നു. ഇവരുടെ കയ്യിൽ ഒമ്പത് പാമ്പുകളും വിഷവും ഉണ്ടായിരുന്നു. ഇതിൽ അഞ്ച് രാജവെമ്പാലയും 20 മില്ലി ലിറ്റർ വിഷവുമുണ് കണ്ടെത്തിയത്. ഉടൻ പൊലീസ് എത്തുകയും ഇവരെ പിടികൂടുകയും ചെയ്തു. വലിയ റാക്കറ്റിനെയാണ് ഇതുവഴി പിടികൂടാനായത്.