സുതാര്യമായ തെരഞ്ഞെടുപ്പിന് മാധ്യമങ്ങൾക്ക് നിർണായക പങ്ക് ; ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍
കാസര്‍കോട്: മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പൊതു തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവരങ്ങളുടെ പ്രചരണത്തിനും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും വലിയ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു മുൻപ് പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിക്കുമ്പോള്‍ വിവരങ്ങളുടെ ആധികാരികതയും വസ്തുനിഷ്ഠതയും ഉറപ്പാക്കണം. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി പരിശോധിച്ച് സര്‍ട്ടിഫിക്കേറ്റ് അനുവദിച്ച പരസ്യങ്ങള്‍മാത്രം ഉപയോഗിക്കുകയും പെയ്ഡ് ന്യൂസ്, വ്യക്തിഹത്യ തുടങ്ങിയ രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ എന്ന വിഷയത്തിൽ സ്‌റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍ ബി.എന്‍.സുരേഷും മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിറ്ററിങ് കമ്മിറ്റി എന്ന വിഷയത്തിൽ
സ്‌റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സജിത്ത് പലേരി എന്നിവര്‍ ക്ലാസെടുത്തു.
തുടര്‍ന്ന് ട്രെയിനിങ് നോഡല്‍ ഓഫീസര്‍ സൂഫിയാന്‍ അഹമ്മദ്, ട്രെയിനിങ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, കോളേജിയേറ്റ് എഡ്യുക്കേഷന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.വിഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു