ഗള്‍ഫിലെ ആദ്യ വായു ശുദ്ധീകരണത്തിനുള്ള കേന്ദ്രം; സ്മോഗ് ഫ്രീ ടവര്‍ അബുദാബിയില്‍ തുറന്നു
അബുദാബി: ഗള്‍ഫിലെ ആദ്യ വായു ശുദ്ധീകരണത്തിനുള്ള കേന്ദ്രം അബുദാബിയില്‍ ആരംഭിച്ചു. ഹുദൈരിയാത്ത് ദ്വീപിലാണ് സ്മോഗ് ഫ്രീ ടവര്‍ തുറന്നത്. മണിക്കൂറില്‍ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കുന്ന വിധത്തിലാണ് ടവറിന്റെ പ്രവര്‍ത്തനം
മോഡോണ്‍ പ്രോപ്പര്‍ട്ടീസുമായി സഹകരിച്ചാണ് പദ്ധതി. അബുദാബിയിലെ വായുഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി ഏജന്‍സി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അഹമ്മദ് അല്‍ ബൊവാര്‍ദി പറഞ്ഞു. കൂടുതല്‍ ആളുകളെത്തുന്ന സ്ഥലമായതിനാലാണ് ഹുദൈരിയാത്ത് ദ്വീപില്‍ ആദ്യടവര്‍ സ്ഥാപിച്ചത്. വായു മലിനീകരണത്തെക്കുറിച്ച് ആകുലപ്പെടാതെ ആളുകള്‍ക്ക് പുറത്തേക്കിറങ്ങാനും കൂടുതല്‍സമയം പ്രദേശത്ത് ചെലവഴിക്കാനുമാകുമെന്ന് പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ശൈഖ അല്‍ ദഹേരി വ്യക്തമാക്കി.അബുദാബിയില്‍ കൂടുതലിടങ്ങളില്‍ ടവര്‍ സ്ഥാപിക്കുമെന്ന് പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി.) അധികൃതര്‍ വ്യക്തമാക്കി.
ലോകത്ത് ചൈന, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നിവിടങ്ങളിലാണ് സ്മോഗ് ഫ്രീ ടവറുകള്‍ നിലവിലുള്ളത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും വന്യജീവികള്‍, സമുദ്രജീവികള്‍, പ്രകൃതിവിഭവങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുമായി അബുദാബി പരിസ്ഥിതി ഏജന്‍സിയും മോഡോണ്‍ പ്രോപ്പര്‍ട്ടീസും നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു