ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല: സുപ്രീംകോടതി.
ന്യൂഡൽഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികളെ അതി രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫെബ്രുവരി 19-ന് വരണാധികാരിയോട് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരഹസിക്കുകയും കശാപ്പ് ചെയ്യുകയുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരി അനില്‍ മസീഹിനെതിരെ പ്രോസിക്യുഷന്‍ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തിരഞ്ഞടുപ്പില്‍ നടന്ന കാര്യങ്ങള്‍ തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മേയര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന് തെളിവായി സമര്‍പ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് വരണാധികാരിയെ വിമര്‍ശിച്ചത്.ദൃശ്യങ്ങളില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വരണാധികാരി വികൃതമാക്കി എന്നത് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കറിനെ മേയറായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം സമര്‍പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.