പൂര്‍ത്തിയായിവരുന്ന വീട്ടില്‍ക്കയറി ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിച്ച് ആറ് യുവാക്കളെ അറസ്റ്റുചെയ്തു
വിഴിഞ്ഞം(തിരുവനന്തപുരം): നിര്‍മാണം പൂര്‍ത്തിയായിവരുന്ന വീട്ടില്‍ക്കയറി മുറികളിലും ടൈല്‍ പാകിയ തറകളിലും പെയിന്റുകള്‍ ഒഴിച്ച് കേടുവരുത്തുകയും ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റുചെയ്തു.
വിഴിഞ്ഞം ടൗണ്‍ ഷിപ്പ് സ്വദേശികളായ നജുമുദീന്‍(20), ഹാഷിം(21), കോട്ടപ്പുറം ചരുവിള സ്വദേശി ഷാലോ(21), മജീദ് (24), മാഹീന്‍(24), ഇസ്മയില്‍(21) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം ആശുപത്രി റോഡില്‍ മണക്കാട് ആറ്റുകാല്‍ സ്വദേശി പദ്മരാജന്‍ നിര്‍മിക്കുന്ന പുതിയ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. ലഹരിവാങ്ങാനുള്ള പണം കണ്ടെത്തുന്നതിനാണ് സംഘം ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിച്ചതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.