ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറുവർഷം !

0

 

കാസർകോട് : പെരിയയിലെ കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ഇന്ന് ആറാണ്ട് തികയുന്നു. ‘ശരത് ലാൽ-കൃപേഷ് രക്തസാക്ഷിത്വ വാർഷിക ദിനാചരണ’വും അനുസ്‌മരണ സമ്മേളനവും ഇന്ന് കല്യോട്ട് വച്ച് നടക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ പരോളിനായി സർക്കാരിന് അപേക്ഷ നൽകി. എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് അപേക്ഷ നൽകിയത്. ഇരട്ട കൊലക്കേസിൽ ജനുവരി 3നാണ് 10 പ്രതികളെ എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ശിക്ഷ വിധിച്ച് ഒരു മാസം പൂർത്തിയാകുന്നതിനു മുമ്പാണ് രണ്ടുപേരും അപേക്ഷ നൽകിയിരിക്കുന്നത്. ജനുവരി 21ന് സുഭീഷും ജനുവരി 22ന് സുരേന്ദ്രനും പരോൾ അപേക്ഷ നൽകി. അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിനോട് റിപ്പോർട്ട്‌ തേടിയെന്നാണ് വിവരം.കേസിൽ ശിക്ഷിക്കപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെ അയോഗ്യനാക്കാൻ തെരഞ്ഞെടപ്പ് കമ്മിഷന് പരാതി നൽകിയതായും സൂചനയുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്‌ഠനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത‌്‌ ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *