6 സംസ്ഥാനങ്ങളിലെ ഹോം സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം
ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരുടെ ഓഫിസുകളിൽ പ്രവർത്തിക്കുന്ന ഹോം സെക്രട്ടറിമാർക്കാണ് സ്ഥാനചലനം വരുന്നത്.
ഇതിനൊപ്പം, പശ്ചിമ ബംഗാൾ ഡിജിപിയെയും, മിസോറമിന്‍റെയും ഹിമാചൽ പ്രദേശിന്‍റെയും പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെയും മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലും സ്വന്തം ജില്ലകളിൽ മൂന്നു വർഷം പൂർത്തിയാക്കിയ, തെരഞ്ഞെടുപ്പ് ജോലികൾ വഹിക്കേണ്ടുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണം.
രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്