സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹമ്മേഴ്സ് എഫ്.സി ജേതാക്കളായി
മസ്കത്ത്: മുൻ കേരള ചീഫ് വിപ്പും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. സീതിഹാജിയുടെ സ്മരണക്കായി റൂവി കെ.എം.സി.സി സംഘടിപ്പിച്ച നാലാമത് സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹമ്മേഴ്സ് എഫ്.സി ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ്.സി കേരളയെ പരാജയപ്പെടുത്തിയാണ് നാലാമത് സീതിഹാജി കപ്പ്സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മഞ്ഞപ്പട എഫ്.സിയെ പരാജയപ്പെടുത്തി ഫിഫ മൊബേല മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി മസ്കത്ത് ‘ഹമ്മേഴ്സ് താരം ഫാസിലിനെയും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പട എഫ്.സിയുടെ അക്ഷയിനെയും ഡിഫന്ററായി മസ്കത്ത്ഹമ്മേഴ്സ് താരം ചെമ്മുവിനേയും തിരഞ്ഞെടുത്തു. ഫിഫ മൊബേലയുടെ നദീം ആണ് ടോപ്പ് സ്കോറർ. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകിയ വിന്നേഴ്സ് ട്രോഫിയും വിന്നേഴ്സ് പ്രൈസ് മണിയും ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള കെ.വി. ബഷീർ സ്മാരക ട്രോഫിയും പ്രൈസ് മണിയും യു.പി.എം വേൾഡ് മാനേജിങ് ഡയറക്ടർ യൂസുഫ് സമ്മാനിച്ചു.