ശിവകാർത്തികേയനും സായ്പല്ലവിയും താരങ്ങൾ ആയി മേജർ മുകുന്ദ് വരദരാജിൻറെ കഥയുമായി ‘അമരൻ’ വരുന്നു;
നിര്‍മാണ- വിതരണ രംഗങ്ങളിൽ ഒരുപോലെ ശോഭിക്കുന്ന ശ്രീ ഗോകുലം മൂവീസ് ജയ്‌ലര്‍, ജവാന്‍, ലിയോ, വേട്ടയന്‍ തുടങ്ങി വമ്പന്‍ സിനിമകള്‍ക്കുശേഷം ശിവകാര്‍ത്തികേയന്‍-സായി പല്ലവി ചിത്രം ‘അമരനു’മായി കേരളത്തിലേക്കെത്തുന്നു. ഉലകനായകന്‍ കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധാനം.
ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരന്‍ ഒക്ടോബര്‍ 31- ന് തീയേറ്ററുകളില്‍ എത്തും. മേജര്‍ മുകുന്ദ് വരദരാജായി ശിവകാര്‍ത്തികേയന്‍ എത്തുമ്പോള്‍ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് ചിത്രത്തില്‍ സായി പല്ലവി എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ശ്രീ ഗോകുലം മൂവീസിനു വേണ്ടി വിതരണ ചുമതല നിര്‍വഹിക്കുന്നത്.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മരണാനന്തരം അശോക് ചക്ര നല്‍കി ആദരിക്കപെട്ട മുകുന്ദ്, തമിഴ്നാട്ടില്‍ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്. 2014-ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി.
മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്. ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാള താരം ശ്യാം മോഹനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വാര്‍ത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.