സുനിത കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നു

0

ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതോടെ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഡൽഹി മുഖ്യമന്ത്രിയാകുന്നതിനുള്ള തയാറെടുപ്പിലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കെജ്‌രിവാളിന്‍റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. റവന്യു സർവീസിലുണ്ടായിരുന്നപ്പോഴേ അവർ എല്ലാവരെയും പാർശ്വവത്കരിച്ചു. ഇപ്പോൾ മാഡം ഉയർന്ന പദവിയിലെത്തുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജരിവാൾ ഇപ്പോൾ ഇഡി കസ്റ്റഡിയിലാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താത്പര്യ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിലാണെങ്കിലും കെജ്‌രിവാളിന് പദവിയിൽ തുടരാമെന്ന് ചഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചിരുന്നു. കെജ്‌രിവാൾ ജയിലിൽ നിന്ന് ഡൽഹി ഭരിക്കുമെന്നാണ് എഎപിയും വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാനുള്ള സാധ്യതയും നിലവിലുണ്ട്.

കസ്റ്റഡിയിൽ തുടരുന്ന കെജ്‌രിവാളിന് പിന്തുണയർപ്പിച്ചു കൊണ്ടുള്ള വാട്സ് ആപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി തുടക്കമിട്ടിട്ടുണ്ട്. അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നതെല്ലാം 8297324624 എന്ന നമ്പറിൽ പങ്കു വയ്ക്കാമെന്ന് സുനിത കെജ്‌രിവാൾ അറിയിച്ചു. കെജ്‌രിവാളിന് ആശീർവാദം എന്നാണ് പ്രചാരണത്തിന്‍റെ പേര്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *