എസ് ഐ ആർ നീട്ടണമെന്ന് കേരളത്തിന്റെ ആവശ്യം ന്യായമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികൾ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. നിവേദനത്തിൽ വെള്ളിയാഴ്ച തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നിർദ്ദേശം നൽകി. കേരളത്തിൽ എന്യൂമേറേഷൻ ഫോം 98.8 ശതമാനം വിതരണം ചെയ്തുവെങ്കിലും ജനങ്ങളിൽ നിന്ന് ഇത് പൂരിപ്പിക്കപ്പെട്ട് കിട്ടുന്നില്ലെന്ന് സംസ്ഥാന സർക്കാരും മറ്റു രാഷ്ട്രീയ പാർട്ടികളും കോടതിയിൽ വ്യക്തമാക്കി. ഇതിൽ കാര്യമുണ്ട് എന്ന നിലപാട് സ്വീകരിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സമയം നീട്ടി നൽകുന്നതിന് സംബന്ധിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു.
