എസ്‌ഐആര്‍ നടപടികള്‍ തുടരാം : സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കാമെന്നും സര്‍ക്കാരിന്റെ അപേക്ഷ കമ്മീഷന്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി അവശ്യപ്പെട്ടതായി അഭിഭാഷകന്‍ ഹാരിസ് ബിരാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രണ്ടുദിവസത്തനികം തീരുമാനം സര്‍ക്കാരിനെ അറിയിക്കണം. എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നീതിപൂര്‍വകമാണെന്നും എത്രദിവസത്തേക്ക് നീട്ടിവയ്ക്കണം, അതിനുള്ള കാരണങ്ങള്‍ വിശദമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും കോടതി നിര്‍ദേശിച്ചതായി ഹാരിസ് ബിരാന്‍ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പുകാരണം കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ സുപ്രീംകോടതിയെ അറിയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ തദ്ദേശതെരഞ്ഞെടുപ്പും എസ്ഐആര്‍ നടപടികളും ഒരുമിച്ചുനടക്കുമ്പോള്‍ ഭരണപ്രതിസന്ധിയൊന്നുമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
