സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍

ന്യൂഡൽഹി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. അവര്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുകയും ചെയ്തു.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയക്കാലത്ത് (1983 ഒക്‌ടോബർ 14ന് )കത്തിക്കുത്തേറ്റ് അരയ്‌ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടതിനുശേഷം ചക്രക്കസേരയില്‍ ജീവിച്ച സൈമണ്‍ ബ്രിട്ടോയ്‌ക്ക് താങ്ങും തണലുമായിരുന്നു ഭാര്യ സീന ഭാസ്കര്‍. ബ്രിട്ടോയുടെ ഭാരതയാത്രയുടെ അനുഭവങ്ങള്‍ സീന പുസ്തകമാക്കിയിരുന്നു. ബ്രിട്ടോ 2015 ഏപ്രില്‍ ഒന്നാം തീയതി തുടങ്ങി ഏതാനും ആഴ്ചകള്‍ എടുത്ത് ഭാരതം മുഴുവന്‍ യാത്ര ചെയ്തിരുന്നു.മൂന്ന് വര്‍ഷത്തോള മെടുത്ത് ആ അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ പല സഹായികളെയും ഉപയോഗിച്ച് എഴുതിയെങ്കിലും അത് പൂര്‍ത്തിയാക്കും മുന്‍പേ ബ്രിട്ടോ മരിച്ചു. പിന്നീട് ബ്രിട്ടോ എഴുതിയ പല പേജുകളും നഷ്ടപ്പെട്ടതായി കണ്ടു. ഏകദേശം 1500ഓളം പേജുകള്‍ നഷ്ടപ്പെട്ടിരുന്നു.പിന്നീട് സീനയാണ് രചന പൂർത്തിയാക്കുന്നത്.
ബ്രിട്ടോയുടെ മരണത്തില്‍ ഭാര്യ സീന ഭാസ്കര്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. അസുഖം വന്ന് 12 മണിക്കൂറിലധികം കഴിഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞത്.
“ബ്രിട്ടോയുടെ മരണം സംബന്ധിച്ച് ഒരോരുത്തരും അവരവരുടേതായ രീതിയില്‍ കഥകള്‍ മെനഞ്ഞു. എന്താണ് സത്യാവസ്ഥയെന്ന് ഇപ്പോഴും അറിയില്ല. മെഡിക്കല്‍ റിപ്പോർട്ടിൽ തെറ്റുസംഭവിച്ചിട്ടുണ്ട്. ഇതില്‍ തനിക്ക് വല്ലാത്ത സങ്കടമുണ്ട്.” സീന പറഞ്ഞിരുന്നു. സീന ഭാസ്കര്‍ ഇപ്പോൾ മകള്‍ക്കൊപ്പം ഡൽഹിയിലാണ് താമസം.