‘സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യം; നമ്മുടെ പഠനറിപ്പോർട്ട് കേന്ദ്രവും ശരിവച്ചു’
മലപ്പുറം∙ സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് മാർഗമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർധിക്കണം. കൂടുതൽ റെയിൽപാതകൾക്കു പുറമേ സിൽവർലൈൻ പോലുള്ള അതിവേഗ പാതകള്‍ വരണം. എന്നാലേ യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയൂ. കേന്ദ്രം വന്ദേഭാരത് ട്രെയിനുകൾ ഓടിച്ചു തുടങ്ങിയപ്പോൾ ആ ട്രെയിനിൽ ആവശ്യത്തിന് ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളം മുൻപ് പറഞ്ഞ അതിവേഗ ട്രെയിനിന്റെ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും നമ്മുടെ പഠന റിപ്പോർട്ട് ശരിയെന്നുമാണ് ഇത് തെളിയിക്കുന്നത്. കേന്ദ്രവും ഇപ്പോഴത് ശരിവച്ചു. കേരളത്തിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രണ്ടു മാസം മുൻപ് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ആ ചർച്ചയിൽ റെയിൽവേ മന്ത്രി തന്ന വാക്ക് പാലിക്കപ്പെട്ടു. മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. കാര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തി. റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.