സിൽവർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ
തൃശൂർ : തൃശൂർ കോലാഴിയിൽ സിൽവർ വാറ്റുചാരായവും വാറ്റു പകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. വാടക വീട് എടുത്ത് ചാരായം വാറ്റി വിൽപ്പ നടത്തിയിരുന്ന തൃക്കൂർ സ്വദേശി ഷിജോൺ ആണ് അറസ്റ്റിലായത്. മൂന്നര ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഷിജോൺ വിയൂർ പോലിസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അഞ്ച് വർഷക്കാലമായി ഇയാൾ പാടുക്കാട് ഭാഗത്ത് വാടകയ്ക്ക് വിടെടുത്ത് താമസിച്ച് വരുന്നു.
ഓണ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ പ്രതി പ്ലാൻ ചെയ്തിരുന്നു. ഇത് രഹസ്യമായി അറിഞ്ഞ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി നിധിനും സംഘവും തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു. ഷിജോൺ വാറ്റുന്ന ചാരായത്തിന് മാർക്കറ്റിൽ വൻ ഡിമാന്റായിരുന്നു എന്നാണ് എക്സൈസ് പറയുന്നത്. പനം കൽക്കണ്ടമാണ് ശർക്കരക്ക് പകരം ഉപയോഗിച്ചിരുന്നത്. കൽക്കണ്ടം ഉപയോഗിച്ച് വാറ്റുന്നതിനാൽ സിൽവർ ചാരായമെന്നാണ് ഇത് അറിയപ്പെടുന്നത്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സജീവ്, ടി.ആർ സുനിൽകുമാർ, പ്രിവന്റീവ് ഓഫിസർമാരായ സുധീർകുമാർ, മീരാസാഹിബ്, രതീഷ് പി, സിവിൽ എക്സൈസ് ഓഫിസർ ശരത് കെ, വനിത സിവിൽ എക്സൈസ് ഓഫിസർ അമിത കെ എന്നിവരും ഉണ്ടായിരുന്നു.