സിൽവർ ലൈൻ: റെയിൽവേയുമായുള്ള ചർച്ച പോസിറ്റീവ്: മുഖ്യമന്ത്രി
കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ച പോസിറ്റീവായിരുന്നുവെന്ന് കെ റെയിൽ എംഡി വി അജിത്‌കുമാർ. റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായി എറണാകുളം ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. തുടർചർച്ചകൾക്കായി അടുത്തയോഗം തിരുവനന്തപുരത്ത് ഉടനുണ്ടാകുമെന്നും അജിത്‌കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ സ്‌റ്റാഡേഡ് ഗേജായാണ് നിർമിക്കാനിരുന്നത്. ചരക്ക് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും ഓടിക്കാൻ കഴിയുന്ന വിധം ബ്രോഡ്‌ഗേജ് നിർമിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. കൃത്യമായ ഇടവേളകളിൽ ഇരുദിശകളിലേക്കും 220 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കണമെന്നുള്ളതാണ് സിൽവർലൈൻ പദ്ധതി.പദ്ധതി ബ്രോഡ്‌ഗേജായി നടപ്പാക്കണം എന്നതടക്കമുള്ള റെയിൽവേ നിർദേശങ്ങൾക്ക് ആധാരമായ നയങ്ങൾ, രേഖകൾ, വിവരങ്ങൾ എന്നിവ നൽകണമെന്ന് കെ റെയിൽ ചർച്ചയിൽ ആവശ്യപ്പെട്ടു.
സ്‌റ്റോൻഡേർഡ് ഗേജായാണ് സിൽവർലൈൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന, മുംബൈ – അഹമ്മദാബാദ്, ഡൽഹി – ഗാസിയാബാദ് – മീററ്റ് പാതകൾ സ്‌റ്റാൻഡേഡ് ഗേജിലാണ്. എന്നാൽ കേരളത്തിന്‍റെ സിൽവർലൈൻ പദ്ധതി ബ്രോഡ്‌ഗേജിൽ വേണമെന്ന് റെയിൽവേ ആവശ്യപ്പെടുകയായിരുന്നു.