സകല റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് സൂചന : ‘എമ്പുരാൻ ‘ ടിക്കറ്റിനായി നെട്ടോട്ടം

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓള്‍ ഇന്ത്യ ബുക്കിങ് ഓണ്‍ലൈന്‍ സൈറ്റുകളിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന് മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് റൗണ്ടുകളില്‍ ഒന്നാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് വില്‍പ്പന തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അമ്പരപ്പിക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്. ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്.
ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് ആണ്. ദി മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
ഓൺലൈൻ ട്രാക്കർമാർ പ്രവചിക്കുന്നത് വെള്ളിയാഴ്‌ച തന്നെ എമ്പുരാൻ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് വിൽപ്പന 20 കോടി കടക്കുമെന്നാണ്. പൃഥ്വിരാജ് സുകുമാരന്‍റെ ഈ ചിത്രം മോളിവുഡിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ ആയിരിക്കുമെന്നും അവർ പറഞ്ഞു.
ചില ഫാന്‍സ് ക്ലബുകള്‍ മിനുറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടുണ്ട്. അതേസമയം പല തിയേറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണുള്ളത്. ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി.
മലയാള സിനിമയ്ക്ക് ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും എമ്പുരാന്‍ തകര്‍ത്തെറിയുമെന്നാണ് ഇതോടെ ഉറപ്പായിരിക്കുന്നത്. ജില്ലയിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ ആണ് ചാര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആറുമണിക്കുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ രണ്ടാഴ്‌ച മുമ്പേ വിറ്റു തീര്‍ന്നിരുന്നു. ചിത്രത്തിന്‍റെ ഗംഭീര ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതോടെ അവരുടെ ആവേശവും പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്.
ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീഗോകുലം മൂവിസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കേറിയ ചിത്രമാണ് എമ്പുരാന്‍.