ഗംഗാവാലി നദിയിൽനിന്ന് കിട്ടിയ സിഗ്നലിൽ പ്രതീക്ഷ
കാർവാർ (കർണാടക) : മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഗംഗാവാലി നദിയിൽ തീരത്തുനിന്നു 40 മീറ്റർ മാറി 8 മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്നൽ ലഭിച്ചതാണു പ്രതീക്ഷ നൽകുന്നത്. ഈ ഭാഗത്ത് ഇന്നു നാവികസേന തിരച്ചിൽ നടത്തും. തിരച്ചിലിനായി കൂടുതൽ സേനയും ഉപകരണങ്ങളും ഇന്നെത്തും. അർജുന്റെ ലോറി അപകട സ്ഥലത്തേക്ക് പോകുന്ന വിഡിയോ ദൃശ്യങ്ങൾ കർണാടക പൊലീസിനു ലഭിച്ചു. അർജുൻ സഞ്ചരിച്ച ലോറി അപകട സ്ഥലത്തേക്ക് എത്തിയോ എന്ന് ഉറപ്പാക്കാനാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. ഷിരൂർ കുന്നിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി പിറ്റേ ദിവസം എൻജിൻ സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തിൽ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്.
പരിശോധനാസ്ഥലത്ത് കടുത്ത നിയന്ത്രണം. മലയാളി തിരച്ചിൽ സംഘത്തെ കടത്തിവിടാതെ പൊലീസ് തടഞ്ഞു. പ്രവേശന അനുമതി അർജുന്റെ കുടുംബാംഗങ്ങൾക്ക് മാത്രം അർജുനായി പുഴയിൽ തിരച്ചിൽ തുടങ്ങി. വെള്ളത്തിനടിയിൽ ലോഹസാന്നിധ്യം കണ്ടെത്താനുള്ള ഉപകരണങ്ങളെത്തിച്ചു. ഐഎസ്ആർഒ നൽകിയ ഉപഗ്രഹദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് ഉത്തര കന്നഡ കലക്ടർ. മണ്ണിടിച്ചിലിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ ലഭിച്ചു. അപകടത്തിന് മുൻപുള്ള ദൃശ്യങ്ങളിൽ വ്യക്തതയില്ല. എന്നാൽ അപകടശേഷമുള്ള ദൃശ്യങ്ങളിൽ ചില സൂചനയുണ്ട്. ഇതുപ്രകാരമാകും ഇന്നത്തെ തിരച്ചിലെന്നും കലക്ടർ പറഞ്ഞു. തീരത്തുനിന്ന് 40 മീറ്റർ മാറി പുഴയിൽനിന്ന് പുതിയ സിഗ്നൽ ലഭിച്ചതിൽ പ്രതീക്ഷ. നദിയിൽനിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഡിവൈഎസ്‌പി അറിയിച്ചെന്ന് ലോറി ഉടമ മനാഫ്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റുള്ളവർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഇന്ന് നാവികസേനയ്ക്കൊപ്പം സൈന്യവും പങ്കെടുക്കും. അർജുന് വേണ്ടിയുള്ള കരയിലേയും പുഴയിലേയും ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുളറ്റ് ടാങ്കർ കരയ്ക്ക് എത്തിച്ചു. മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ ടാങ്കർ 7 കിലോമീറ്റർ മാറിയാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്ക്കെത്തിച്ചത്. അർജുനു വേണ്ടി ഏഴാം ദിവസം നടത്തിയ തിരച്ചിലിൽ കുടുംബം അതൃപ്തിയറിയിച്ചിരുന്നു. ‘‘വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ സൈന്യത്തെ കാത്തിരുന്നത്. എന്നാൽ ഉപകരണങ്ങളില്ലാതെയാണു സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം’’– അർജുന്റെ അമ്മ ഷീല പറഞ്ഞു.
‘‘പ്രതീക്ഷകൾ അസ്തമിക്കുകയാണ്. ഇനിയും സമയം വൈകിക്കരുത്. പുഴയ്ക്കും റോഡിനുമിടയിലുള്ള ഭാഗത്തും തിരച്ചിൽ ഊർജിതമാക്കണം. അവസാനമായി ഒരുവട്ടമെങ്കിലും എനിക്ക് അർജുനെ കാണണം’’–അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. 16ന് രാവിലെ 8.30ന് ആണ് ഷിരൂർ കുന്നിൽനിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. കുന്നിടിഞ്ഞുവീണ മണ്ണിനൊപ്പം അർജുനും ലോറിയും പുഴയിലേക്കു വീണിരിക്കാമെന്ന സാധ്യതയിലാണു തിരച്ചിൽ. 25 അടിയിലേറെ ആഴമുള്ള പുഴയിൽ ലോറി മണ്ണുമൂടി കിടപ്പുണ്ടാവാം. പുഴയിൽവീണ ലോറി ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്. അപകടത്തിൽപെട്ട പാചകവാതക ടാങ്കർലോറി അപകടസ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാറി പുഴയിൽനിന്നാണു കിട്ടിയത്. അതിശക്തമായ കുത്തൊഴുക്കാണു തിരച്ചിലിനു തടസ്സമാകുന്നത്.