സിഗ്‌നല്‍ ആപ്ലിക്കേഷന്‍ നിരോധിച്ച് റഷ്യ

0

മോസ്‌കോ : മെസേജിംഗ് ആപ്ലിക്കേഷനായ സിഗ്‌നല്‍ റഷ്യയില്‍ വിലക്കിയതായി റിപ്പോര്‍ട്ട്. തീവ്രവാദ വിരുദ്ധ നിയമങ്ങൾ ലംഘിച്ചു എന്ന കാരണം പറഞ്ഞാണ് സിഗ്‌നലിനെ റഷ്യ നിരോധിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ ഇന്‍റര്‍ഫാക്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളെ സിഗ്നല്‍ ആപ്ലിക്കേഷന്‍ റഷ്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി തടയേണ്ടതുണ്ട് എന്നാണ് റോസ്‌കോംനാഡ്‌സോറിന്‍റെ വിശദീകരണം. റഷ്യൻ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഫെഡറൽ എക്‌സിക്യൂട്ടീവ് ഏജൻസിയാണ് റോസ്‌കോംനാഡ്‌സോര്‍.

റഷ്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ മെസേജിംഗ് ആപ്ലിക്കേഷനായി സിഗ്നല്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. റോസ്‌കോംനാഡ്‌സോറിന്‍റെ പ്രഖ്യാപനത്തിന് മുമ്പുതന്നെ സിഗ്നല്‍ ആപ്പ് ലോഗിനില്‍ പ്രശ്‌നങ്ങള്‍ റഷ്യയില്‍ അനുഭവപ്പെട്ടിരുന്നു. ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് സെല്‍വര്‍ എറര്‍ എന്ന സന്ദേശമാണ് ലഭിച്ചത്. മോസ്കോയിലും സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗിലുമാണ് പ്രധാനമായും ഈ പരാതി ഉയര്‍ന്നത്. സിഗ്നലില്‍ ലോഗിന്‍ ചെയ്യാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സാങ്കേതിക പ്രശ്‌നമല്ലെന്നും സിഗ്നല്‍ ആപ്പിനെ റഷ്യ വിലക്കിയത് കാരണമാണ് എന്നും ഒരു ടെലികോം വിദഗ്ധനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിപിഎന്‍ ഉപയോഗിച്ച് മാത്രമേ സിഗ്നല്‍ ആപ് റഷ്യയില്‍ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ എന്നാണ് വിവരം.

റഷ്യയില്‍ ഇതാദ്യമായാണ് സിഗ്നല്‍ ആപ്പിനെ നിരോധിക്കുന്നത്. ടെലഗ്രാമിനെ വിലക്കാനുള്ള നീക്കം 2018ല്‍ റഷ്യയില്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്‌ഠിതമായ മെസേജിംഗ് ആപ്ലിക്കേഷനാണ് സിഗ്നല്‍. ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും സിഗ്നല്‍ വഴി അയക്കാം. വാട്‌സ്ആപ്പ് പോലെ ഓഡിയോ, വീഡിയോ കോള്‍ സംവിധാനങ്ങളുമുണ്ട്. ക്രോസ്-പ്ലാറ്റ്ഫോം എൻ‌ക്രിപ്ഷന്‍ ഈ ആപ് ഉറപ്പുവരുത്തുന്നതായാണ് അവകാശവാദം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷനാണ് ഈ ആപ് ഒരുക്കിയത്. മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് സിഗ്നലില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *