സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0

ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സിദ്ദിഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യമുണ്ട്.

പീഡനത്തിനിരയായ ശേഷം പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. കഴിഞ്ഞ രണ്ട് തവണയും സുപ്രീംകോടതി ഒരേ ചോദ്യം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മറുപടി. സംഭവത്തിന് പിന്നാലെ വ്യത്യസ്ത സമയത്ത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇക്കാര്യം അതിജീവിത വെളിപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ മറുപടി.

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. ഉന്നതനായ പ്രതിക്ക് സ്വാധീന ശക്തി ഇല്ലെന്ന് കോടതി ഉറപ്പുവരുത്തണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

അതേസമയം പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നുവെന്നാണ് സിദ്ദിഖിന്റെ പുതിയ സത്യവാങ്മൂലം. പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് എസ്ഐടി തനിക്കെതിരെ ഉന്നയിക്കുന്നതെന്നും കേസിനെ സെന്‍സേഷണലൈസ് ചെയ്യാനാണ് എസ്ഐടിയുടെ ശ്രമമെന്നുമാണ് സിദ്ദിഖിന്റെ വാദം. താന്‍ ഉന്നതനായ വ്യക്തിയല്ലെന്നും സിദ്ദിഖിന്റെ സത്യവാങ്മൂലത്തിലുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *